വംശീയ വിവേചനമല്ല, തെറ്റിദ്ധാരണ; തർക്കം പരിഹരിച്ചു: ‘സുഡാനി’ താരം

സൗബിനും സാമുവൽ റോബിൻസണും (ഫയൽ ചിത്രം)

കോട്ടയം∙ ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ നിർമാതാക്കൾ തന്നെ ബന്ധപ്പെട്ടതായും മതിയായ പ്രതിഫലം നൽകിയതിന്റെ അടിസ്ഥാനത്തിൽ തർക്കം പരിഹരിച്ചതായും നൈജീരിയൻ താരം സാമുവൽ അബിയോള റോബിൻസൺ. താൻ നേരത്തേ നടത്തിയ വംശീയ വിവേചന പരാമർശം പിൻവലിക്കുന്നതായും തെറ്റായ വിവരങ്ങളുടെയും തെറ്റിദ്ധാരണയുടെയും അടിസ്ഥാനത്തിലാണ് ഇതെന്ന് വ്യക്തമായതായും സാമുവൽ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

കുടുംബാംഗങ്ങൾക്കിടയിലുണ്ടായ തർക്കമായാണ് ഇതിനെ കാണുന്നത്. മന്ത്രി തോമസ് ഐസക് ഉൾപ്പെടെ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. പ്രശ്നപരിഹാരത്തിന് സംവിധായകനും നിർമാതാക്കളും ഇടപെട്ടരീതി അവരുടെ നല്ല മനസ്സ് വ്യക്തമാക്കുന്നതാണ്. തനിക്കു ലഭിച്ച തുകയിൽ ഒരു പങ്ക് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന വംശീയതാ വിരുദ്ധ സന്നദ്ധ സംഘടനയ്ക്കു നൽകുമെന്നും സാമുവൽ അറിയിച്ചു. ആരോപണങ്ങൾ ഉന്നയിച്ച് നേരത്തേ ഇട്ട പോസ്റ്റുകളെല്ലാം ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്നു നീക്കി.