ട്രെയിനുകൾ വൈകുന്നു, പരിഹാരം അകലെ

കൊച്ചി ∙ ട്രെയിനുകൾ തുടർച്ചയായി വൈകിയിട്ടും റെയിൽവേ നടപടി എടുക്കുന്നില്ലെന്ന പരാതി വ്യാപകം. ഏതാനും മാസങ്ങളായി മിക്ക ട്രെയിനുകളും വൈകിയാണു കേരളത്തിൽ സർവീസ് നടത്തുന്നത്. ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞാണു ട്രെയിൻ വൈകിക്കുന്നത്. എന്നാൽ മാസങ്ങളായി തുടരുന്ന പണികൾ എന്നു തീരുമെന്നു കൃത്യമായ ഉത്തരം നൽകാൻ തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥർക്കു കഴിയുന്നില്ല.

പകുതി ജോലികൾ കഴിഞ്ഞെന്നും ഇപ്പോൾ കൊല്ലം മേഖലയിൽ നടക്കുന്ന ജോലികൾ തീരുന്ന മുറയ്ക്കു എറണാകുളം–ഷൊർണൂർ റൂട്ടിൽ പണികൾ ആരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. ജൂണിൽ മഴ തുടങ്ങുന്നതോടെ മെറ്റൽ അരിക്കുന്നതുൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെടുമെന്നതിനാൽ അറ്റകുറ്റപ്പണിയും യാത്രക്കാരുടെ ദുരിതവും നീളാനാണു സാധ്യത. ഇന്നലെ ബറൂണി-എറണാകുളം രപ്തി സാഗർ ഏഴ് മണിക്കൂറും ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് നാലു മണിക്കൂറും വൈകിയാണ് ഓടിയത്.

ഹിമസാഗർ എക്സ്പ്രസ് രണ്ടര മണിക്കൂർ, എറണാകുളം-കായംകുളം പാസഞ്ചർ ഒന്നര മണിക്കൂർ, കൊല്ലം–എറണാകുളം മെമു രണ്ടു മണിക്കൂർ, കായംകുളം–എറണാകുളം പാസഞ്ചർ‍ ഒരു മണിക്കൂർ, ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ്, വേണാട് എക്സ്പ്രസ്, ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എന്നിവ ഒരു മണിക്കൂറും തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ് അര മണിക്കൂറുമാണു വൈകിയത്. കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിലാണു ട്രെയിനുകൾ ഏറെ വൈകുന്നത്.