Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂർ സമരം അവഗണിച്ചാൽ പിണറായിക്ക് ബുദ്ധദേവിന്റെ ഗതി: രമേശ് ചെന്നിത്തല

keezhattur-4 കണ്ണൂർ കീഴാറ്റൂരിലെ വയൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര നായിക നമ്പ്രാടത്ത് ജാനകിയെ ആശ്ലേഷിക്കുന്നു. ചിത്രം: എം.ടി. വിധുരാജ്

തളിപ്പറമ്പ് ∙ കീഴാറ്റൂരിലെ ബൈപാസ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനു ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി വരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നന്ദിഗ്രാമും കീഴാറ്റൂരും തമ്മിൽ ഏറെ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘത്തോടൊപ്പം കീഴാറ്റൂർ വയൽ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

keezhattur-2 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം കണ്ണൂർ കീഴാറ്റൂരിലെ വയൽ സന്ദർശിക്കാനെത്തിയപ്പോൾ. ചിത്രം: എം.ടി. വിധുരാജ്

കീഴാറ്റൂരിൽ വയൽ നികത്തുന്നതിനെതിരെ സമരം ചെയ്യുന്ന വയൽക്കിളി കൂട്ടായ്മ കഴുകന്മാരല്ല, പാവപ്പെട്ട കർഷകരും തൊഴിലാളികളുമാണ്. കർഷകരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാതെ സർക്കാരിനു മുന്നോട്ടു പോവാനാവില്ല. ജില്ലയിലെ എംഎൽഎമാരെയും എംപിമാരെയും ഉൾപ്പെടുത്തി എത്രയും വേഗം സർവകക്ഷിയോഗം വിളിക്കാൻ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തു നൽകും. കീഴാറ്റൂർ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചാൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുക്കും.

keezhattur-1 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം കണ്ണൂർ കീഴാറ്റൂരിലെ വയൽ സന്ദർശിക്കാനെത്തിയപ്പോൾ. ചിത്രം: എം.ടി. വിധുരാജ്

കീഴാറ്റൂർ സമരത്തിനു യുഡിഎഫ് ധാർമികമായും രാഷ്ട്രീയമായും പിന്തുണ പ്രഖ്യാപിക്കുന്നു. ദേശീയപാത വികസനത്തിനു മറ്റു സാധ്യതകൾ പരിശോധിക്കണം. സർക്കാർ ചർച്ചയ്ക്കു വിളിച്ചാൽ യു‍ഡിഎഫിന്റെ അഭിപ്രായം അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ‌കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമര നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകിയമ്മ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് സംഘത്തെ സ്വീകരിച്ചു. കീഴാറ്റൂർ വയലിൽ നിന്നു കൊയ്തെടുത്ത നെൽക്കതിരുകൾ ജാനകിയമ്മ രമേശ് ചെന്നിത്തലയ്ക്കു സമ്മാനിച്ചു.

keezhattur-5 കണ്ണൂർ കീഴാറ്റൂരിലെ വയൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വയലിൽ വിളയിച്ച നെല്ല് കാണിക്കുന്ന സമര നായിക നമ്പ്രാടത്ത് ജാനകി. ചിത്രം: എം.ടി. വിധുരാജ്

മുസ്‌ലിം ലീഗ് നേതാക്കളായ എം.കെ.മുനീർ എംഎൽഎ, വി.കെ.അബ്ദുൽ ഖാദർ മൗലവി, കോൺഗ്രസ് നേതാക്കളായ സതീശൻ പാച്ചേനി, സുമ ബാലകൃഷ്ണൻ, വി.എ.നാരായണൻ, സജീവ് ജോസഫ്, ലാലി വിൻസന്റ്, ദീപ്തി മേരി വർഗീസ്, മറ്റു ഘടകകക്ഷി നേതാക്കളായ സി.എ.അജീർ (സിഎംപി), രാം മോഹൻ (ഫോർവേഡ് ബ്ലോക്ക്), ഇല്ലിക്കൽ അഗസ്തി (ആർഎസ്പി), ജോർജ് വടകര (കേരള കോൺഗ്രസ് ജേക്കബ്), യൂത്ത് കോൺഗ്രസ് നേതാക്കളായ ജോഷി കണ്ടത്തിൽ, റിജിൽ മാക്കുറ്റി, റഷീദ് കവ്വായി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.