കടുവ കൊന്ന രവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം

കോന്നി ∙ കൊക്കാത്തോട് അപ്പൂപ്പൻതോട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കിടങ്ങിൽ കിഴക്കേതിൽ രവി (47)യുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ.രാജു പ്രഖ്യാപിച്ചു. 

കോന്നി ഫോറസ്റ്റ് ഇൻസ്പെക്‌ഷൻ ബംഗ്ലാവിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് മാധ്യമ പ്രവർത്തകരെ അറിയിച്ചതാണിക്കാര്യം. ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ രവിയുടെ ഭാര്യ ബിന്ദുവിന് ഉടൻ കൈമാറും. താൻ നേരിട്ട് അവരുടെ വീട്ടിലെത്തിയാകും തുക നൽകുകയെന്നു മന്ത്രി പറഞ്ഞു. ബാക്കി തുക റിലേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം രവിയുടെ അമ്മയ്ക്കു നൽകും. വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിലും ആക്രമണം നടത്തിയതു കടുവ തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 

അതിനാൽ തേക്കടിയിൽ നിന്നെത്തിച്ച 10 നിരീക്ഷണ ക്യാമറകൾ ഇന്നു സംഭവം നടന്ന സ്ഥലത്ത് വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. കൂടുതൽ ക്യാമറ ആവശ്യമുള്ളതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്നെത്തിക്കും. കാൽപാടുകളും ശരീരാവശിഷ്ടങ്ങളിൽ കണ്ട രോമവും കടുവയുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒന്നിൽ കൂടുതൽ കടുവയുണ്ടോയെന്നു കണ്ടെത്തുന്നതിനാണ് ക്യാമറ സ്ഥാപിക്കുന്നത്. ഒരിക്കൽ മനുഷ്യനെ കൊന്നു ഭക്ഷിച്ച കടുവയുടെ ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇതിനെ കൂട് വച്ചു പിടികൂടും. ഇതിനായി പെരിയാർ വന്യജീവി സങ്കേതത്തിലെയും ടൈഗർ ഫൗണ്ടേഷനിലെയും വിദഗ്ധരുടെ സഹായം തേടാൻ തീരുമാനിച്ചു. 

കോന്നി ഡിഎഫ്ഒ എസ്.ജി.മഹേഷ് കുമാർ, റാന്നി ഡിഎഫ്ഒ എം.ഉണ്ണിക്കൃഷ്ണൻ, ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. സി.എസ്.ജയകുമാർ, നടുവത്തുമൂഴി റേഞ്ച് ഓഫിസർ എം.റഹിംകുട്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, മണ്ഡലം സെക്രട്ടറി പി.ആർ.ഗോപിനാഥൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.