സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു

കുമളി∙ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വൈൽഡ്‌ ലൈഫ് ഫൊട്ടോഗ്രഫറും എഴുത്തുകാരനുമായ കോട്ടയം പുത്തനങ്ങാടി സ്കൈലൈൻ ഹാൾട്ടൺ ഹൈറ്റ്സിൽ ചെറുവള്ളി വീട്ടിൽ സലിം പുഷ്പനാഥ് (52) കുഴഞ്ഞുവീണു മരിച്ചു. കുമളിക്കു സമീപം സലിമിന്റെ റിസോർട്ടായ ആനവിലാസം ലക്‌ഷ്വറി പ്ലാന്റേഷൻ ഹൗസിൽ ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം.

മകനൊപ്പം പ്രഭാതസവാരി കഴിഞ്ഞ് താമസസ്ഥലത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഭാര്യയും റിസോർട്ട് ജീവനക്കാരും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. ഇടുക്കി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുത്തു. സംസ്കാരം നാളെ രണ്ടിന് കറുകച്ചാൽ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കറുകച്ചാൽ വേലിക്കകത്ത് അനുജ. മക്കൾ: ജെഫ് സലിം, ജ്വാല സലിം.

പരിസ്ഥിതി - വിനോദസഞ്ചാര മേഖലയിൽ അറിയപ്പെടുന്ന ഫൊട്ടോഗ്രഫറാണ് സലിം പുഷ്പനാഥ്. ഡീബീ ഇൻഫോ പബ്ലിക്കേഷൻസിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ സലിം പുഷ്പനാഥ് ഇന്ത്യൻ സ്പൈസസ്, അൺസൈൻ ഇന്ത്യ, ട്രാവൽ ബുക്ക്, കുക്കറി, കേരളത്തിലെ ക്ഷേത്രങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.