ശമ്പള പരിഷ്കരണം: നഴ്സുമാർ 24 മുതൽ പണിമുടക്കും

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണകാര്യത്തിലെ സർക്കാർ മെല്ലെപ്പോക്കിനെതിരെ 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ).

മിനിമം വേജസ് ഉപദേശക സമിതിയുടെ ശുപാർശയിലാണു സർക്കാർ തീരുമാനം വൈകുന്നത്. 13നു കൊല്ലത്തു ചേർന്ന മിനിമം വേജസ് ഉപദേശകസമിതി യോഗത്തിൽ ശമ്പളപരിഷ്കരണത്തെക്കുറിച്ചു തീരുമാനം എടുത്തില്ല. നഴ്സുമാരുടെ അടിസ്ഥാനശമ്പളം 20,000 രൂപയാക്കണമെന്നു കമ്മിറ്റി തീരുമാനിച്ചു. എന്നാൽ, കിടക്കകളുടെ എണ്ണം അനുസരിച്ചു ശമ്പളം നിശ്ചയിക്കുന്നതിൽ ഏകാഭിപ്രായം ഉണ്ടായില്ല.

ആശുപത്രികളിൽ 173 തസ്തികകളുണ്ട്. ഇതിൽ, നഴ്സുമാർ 30 ശതമാനമേയുള്ളൂ. അതിനാൽ, എല്ലാ വിഭാഗങ്ങളുടെയും കാര്യത്തിൽ മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തി സമവായമുണ്ടാക്കട്ടേയെന്ന നിലാപാടാണു കമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യം തൊഴിൽ വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ഇനി വകുപ്പ് വിവിധമേഖലയിലുള്ളവരുമായി ചർച്ച നടത്തണം. അപ്പോഴുണ്ടാകുന്ന ധാരണ കമ്മിറ്റിയെ അറിയിക്കണമെന്നാണു നിയമം. അതിനുശേഷം കമ്മിറ്റി യോഗം ചേർന്നു സർക്കാർ ശുപാർശ അംഗീകരിച്ചാലേ ശമ്പളപരിഷ്കരണം നിലവിൽ വരികയുള്ളൂ. എന്നാൽ, തൊഴിൽ വകുപ്പ് ചർച്ച എപ്പോൾ വേണമെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. ഒരു മാസമെങ്കിലും കഴിയാതെ അന്തിമ തീരുമാനമുണ്ടാകില്ലെന്ന മട്ടിലാണു കാര്യങ്ങൾ നീങ്ങുന്നത്.