പിഎസ്‌സി ലിസ്റ്റ്: തൽസ്ഥിതി തുടരാൻ ഉത്തരവ്

ന്യൂഡൽഹി∙ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി 2016 ഡിസംബർ 30നു പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവായി. 2016 ഡിസംബർ 31 വരെ കാലാവധിയുണ്ടായിരുന്ന ചില റാങ്ക് ലിസ്റ്റുകൾ 2017 ജൂൺ 29 വരെ നീട്ടിയ വിജ്ഞാപനത്തിനാണ് ഉത്തരവ് ബാധകമാവുന്നത്.

2016 ജൂൺ 30 വരെ കാലാവധിയുണ്ടായിരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബർ 30 വരെയാക്കാൻ ജൂൺ 29നു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ചില ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസം കൂടി നീട്ടാൻ സർക്കാർ വീണ്ടും ശുപാർശ ചെയ്തു. മുൻപു നീട്ടിനൽകിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റുകളുടെ മാത്രം കാലാവധി നീട്ടിയാൽ മതിയെന്ന വ്യവസ്ഥയോടെയായിരുന്നു ശുപാർശ. ഇതു പ്രകാരം മുൻപ് നീട്ടിനൽകിയിട്ടില്ലാത്ത ലിസ്റ്റുകളുടെ കാലാവധി 2017 ജൂൺ 29 വരെ നീട്ടുന്നതായി 2016 ഡിസംബർ 29നു രണ്ടാമത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യ വിജ്ഞാപനത്തിലൂടെ കാലാവധി നീട്ടിലഭിച്ച റാങ്ക് ലിസ്റ്റുകൾക്കു രണ്ടാമത്തെ വിജ്ഞാനപത്തിന്റെ ഗുണം ലഭിക്കില്ലെന്ന വ്യവസ്ഥയ്‌ക്കെതിരെ ഏതാനും ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഉദ്യോഗാർഥികൾക്ക് അനുകൂലമായി വിധിച്ചു. 

അതിനെതിരെയാണു പിഎസ്‌സി സുപ്രീംകോടതിയെ സമീപിച്ചത്.

പിഎസ്‍‍സിയുടെ പ്രത്യേക അധികാര പരിധിയിൽ ഉൾപ്പെടുന്ന വിഷയത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പിഎസ്‍സിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയും സ്റ്റാൻഡിങ് കോൺസൽ വിപിൻ നായരും വാദിച്ചു.