യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരം തുടങ്ങി

സുപ്രീം കോടതി നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുൻപിൽ അനിശ്ചിതകാല സമരം തുടങ്ങിയപ്പോൾ.

തിരുവനന്തപുരം∙ നഴ്സുമാരുടെ ശമ്പളപരിഷ്കരണ ഉത്തരവ് ഉടൻ പുറത്തിറക്കുക, ചേർത്തല കെവിഎമ്മിലെ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങി. സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ ഉദ്ഘാടനം ചെയ്തു. നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണു മുൻപു നടന്ന സമരത്തെ തുടർന്നു സർക്കാർ അറിയിച്ചത്. എന്നാൽ അതിന്റെ‌ നടപടിക്രമങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. ചേർത്തല കെവി​എമ്മിലെ സമരം അവസാനിപ്പിക്കാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്.സുബി, ജില്ലാ വർക്കിങ് പ്രസിഡന്റ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഹാരിഷ്, കൊല്ലം ജില്ലാ പ്രസിഡന്റ് മുകേഷ് എന്നിവർ പ്രസംഗിച്ചു.