ശ്രീജിത്തിനെ സ്റ്റേഷനിലെത്തിച്ചത് ചുറ്റിക്കറങ്ങി; വഴിയിലെ ദൃശ്യങ്ങൾ ശേഖരിച്ചു

വരാപ്പുഴ (കൊച്ചി) ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ പൊലീസ് വാഹനത്തിൽ മർദിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകാന്വേഷണ സംഘം നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ് വാഹനത്തിൽ കടമക്കുടി ഭാഗത്തെ വിജനമായ റോഡിലൂടെ കൊണ്ടുപോയി മർദിച്ചെന്ന സംശയത്തെ തുടർന്നാണു ദൃശ്യങ്ങൾ ശേഖരിച്ചത്.

റൂറൽ ടൈഗർ ഫോഴ്സ് പിടികൂടിയ ശ്രീജിത്തിനെ മുനമ്പം പൊലീസിന്റെ വാഹനത്തിലാണു വരാപ്പുഴ സ്റ്റേഷനിലേക്ക് അയച്ചത്. വരാപ്പുഴ ടൗൺ മുതൽ കടമക്കുടി വരെയുള്ള ഭാഗങ്ങളിൽ റോഡിനോടു ചേർന്നു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണു ശേഖരിച്ചത്.

വരാപ്പുഴ പുത്തൻപള്ളി, പഞ്ചായത്ത് കവലയ്ക്കു സമീപത്തെ മാർജിൻ ഫ്രീ മാർക്കറ്റ്, ദുർഗ അമ്പലം കവല, തുണ്ടത്തുകടവ് ഭാഗത്തു സ്വകാര്യവ്യക്തിയുടെ വീട്, സന്നദ്ധ സംഘടനയുടെ ഓഫിസ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ ലഭിച്ചു. വരാപ്പുഴ പഞ്ചായത്ത് കവലയിൽ നിന്നു നേരെ സ്റ്റേഷനിലേക്കു പോകുന്നതിനു പകരം വലത്തേക്കു വളഞ്ഞു തുണ്ടത്തുംകടവ് ഭാഗത്തേക്കു വാഹനം കടന്നുപോയതായാണു സൂചന.

ഇവിടെ സെമിത്തേരിക്കു മുൻപിൽ വിജനമായ പറമ്പിൽ പൊലീസ് വാഹനം നിർത്തിയിട്ടതായി സംശയിക്കുന്നു. തുടർന്നു കടമക്കുടി ഭാഗത്തേക്കു വാഹനം പോയി. രാത്രിയിൽ ഏറെക്കുറെ വിജനമായ റോഡിലൂടെ ശ്രീജിത്തിനെ കൊണ്ടുപോയതു മർദിക്കാനായിരുന്നുവെന്ന് ഉറപ്പാക്കാവുന്ന തരത്തിലാണ് അന്വേഷണം നീങ്ങുന്നത്.

അര മണിക്കൂറിലേറെ കഴിഞ്ഞാണു വാഹനം സ്റ്റേഷനിൽ എത്തിയത്. ഇൗ സമയത്തു പൊലീസ് വാഹനം എവിടേക്കു പോയതാണെന്നു കണ്ടെത്താനും ആരുടെ നിർദേശപ്രകാരമാണു വാഹനം വഴിതിരിച്ചു വിട്ടതെന്നും കണ്ടെത്താനാണു ദൃശ്യങ്ങൾ പരിശോധിക്കുന്നത്.