തൊപ്പി വയ്ക്കേണ്ടത് പൊലീസിന്റെ മുഖത്ത്: കെ. മുരളീധരൻ

കൊച്ചി ∙ മുഖം നഷ്ടപ്പെട്ട പൊലീസിന്റെ തൊപ്പി ചെരിച്ചല്ല, മുഖത്താണു വയ്‌ക്കേണ്ടതെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എംഎൽഎ. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്നപോലെ ഇങ്ങനെയൊരു ഡിജിപിയെ മുഖ്യമന്ത്രിക്ക് എവിടെനിന്നു കിട്ടിയെന്നാണു ജനം ചോദിക്കുന്നത്. വാട്‌സാപ്പിലൂടെ ഹർത്താൽ ആഹ്വാനം ചെയ്തത് അറിയാതിരുന്ന പൊലീസ് അക്രമികൾ അഴിഞ്ഞാടുന്നതു നോക്കിനിന്നു. വിദേശ വനിതയുടെ മൃതദേഹം പൊന്തക്കാട്ടിൽ കിടക്കുമ്പോൾ കടലിൽ പരിശോധന നടത്തിയ പൊലീസാണ് ഇവിടെയുള്ളത്.

പൊലീസ് അതിക്രമത്തെക്കുറിച്ച് നിയമസഭയിൽ പ്രമേയം വന്നപ്പോൾ എ.കെ. ബാലനും ജി. സുധാകരനുമൊക്കെയാണു മറുപടി പറഞ്ഞത്. മറുപടി പറയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തുകൊണ്ടു സഭയിലില്ലെന്ന ചോദ്യത്തിന് അദ്ദേഹം പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നാണു പറഞ്ഞത്. സിസിക്കും പിബിക്കും പോകാൻ പിണറായി വിജയനു സമയമുണ്ട്.

സ്വന്തം വകുപ്പ് നിയന്ത്രിക്കാൻ നേരമില്ല. ഈ മുഖ്യമന്ത്രിയാണ് മറ്റു മന്ത്രിമാർക്ക് മാർക്കിടുന്നതെന്നും മുരളീധരൻ കളിയാക്കി. മറൈൻ ഡ്രൈവിൽ രമേശ് ചെന്നിത്തലയുടെ ഉപവാസം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.പി.എ. മജീദ്, വി.എം. സുധീരൻ, കെ.വി. തോമസ്, എം.ഐ. ഷാനവാസ്, വി.ഡി. സതീശൻ, പി.ടി. തോമസ്, ഹൈബി ഈഡൻ, വി.കെ. ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അൻവർ സാദത്ത്, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി, ബെന്നി ബഹന്നാൻ, ടി.ജെ. വിനോദ്, ജോസഫ്‌ വാഴയ്ക്കൻ, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ, സി.പി. ജോൺ, ടി.കെ. ദേവരാജൻ, റാം മോഹൻ, എം.ഒ. ജോൺ, വിൻസെന്റ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.