നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാനാവില്ല: സ്വകാര്യ ആശുപത്രികൾ

കൊച്ചി∙ സ്വകാര്യ ആശുപത്രി നഴ്സുമാർക്കും ജീവനക്കാർക്കും നിശ്ചയിച്ച മിനിമം വേതനം നൽകാൻ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സർക്കാരിനെ അറിയിച്ചു. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനെ സന്ദർശിച്ചാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹികൾ നിലപാട് വ്യക്തമാക്കിയത്.

സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള കുറഞ്ഞ വേതനം അടുത്ത മാസം മുതൽ ലഭിച്ചില്ലെങ്കിൽ വീണ്ടും സമരത്തെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികളും വ്യക്തമാക്കിയതോടെ കേരളത്തിന്റെ ആരോഗ്യ മേഖല വീണ്ടും പ്രക്ഷോഭ പാതയിലേക്കു നീങ്ങുകയാണ്.

നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചുകൊണ്ടും 2017 ഒക്ടോബർ മുതൽ മുൻകാല പ്രാബല്യം നൽകിക്കൊണ്ടും കഴിഞ്ഞയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. മേയ് ഒന്നു മുതൽ നൽകേണ്ട ശമ്പളത്തി‍ൽ തത്തുല്യമാറ്റം വരുത്തണമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഇവിടെ യോഗം ചേർന്ന കെപിഎച്ച്എ ഭാരവാഹികൾ വർധിപ്പിച്ച ശമ്പളം നൽകേണ്ടതില്ല എന്നു തീരുമാനിച്ചു.

ഇന്നലെ വൈകിട്ട് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനെ ഇക്കാര്യം അവർ നേരിട്ട് അറിയിക്കുകയും ചെയ്തു. അസോസിയേഷന്റെ നിലപാടിനു സർക്കാർ മറുപടിയൊന്നും നൽകിയിട്ടില്ല. ഉത്തരവ് ഇറങ്ങിയ സ്ഥിതിക്ക് സർക്കാരിന് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുന്നതായി പ്രതീക്ഷിക്കുന്നില്ലെന്ന് കെപിഎച്ച്എ ഭാരവാഹികൾ അറിയിച്ചു. എങ്കിലും സർക്കാരിന്റെ മറുപടിക്കായി രണ്ടു ദിവസം കാത്ത ശേഷം കോടതിയെ സമീപിക്കാനാണ് കെപിഎച്ച്എ തീരുമാനം.

നഴ്സുമാർ സമരത്തിന് ഇറങ്ങിയാൽ ആശുപത്രി അടച്ചിടുന്നതുൾപ്പെടെയുള്ള മറ്റു മാർഗങ്ങൾ തേടണമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

ആശുപത്രിയിലെ നഴ്സുമാർ എല്ലാവരും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അംഗങ്ങളല്ലെന്ന് അസോസിയേഷൻ സെക്രട്ടറി ഹുസൈൻകോയ തങ്ങൾ പറഞ്ഞു. സമരത്തിനില്ലാത്ത നഴ്സുമാരെ ഉപയോഗിച്ച് ആശുപത്രി നടത്താൻ ശ്രമിക്കുമെന്നും സാധിച്ചില്ലെങ്കിൽ പൂട്ടിയിടുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഉത്തരവു പ്രകാരമുള്ള ശമ്പളം നൽകേണ്ടി വന്നാൽ കേരളത്തിലെ 60% ആശുപത്രികളും അടച്ചു പൂട്ടുമെന്ന് പ്രസിഡന്റ് ഡോ. പി.കെ. മുഹമ്മദ് റഷീദ് പറഞ്ഞു.

നിലവിലെ ശമ്പള പരിഷ്കരണത്തിൽ തന്നെ തങ്ങൾ തൃപ്തരല്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളുടെ നിലപാട്. കിടക്കകൾക്കനുസരിച്ചു ശമ്പളം നിശ്ചയിച്ചതോടെ കേരളത്തിലെ വൻകിട ആശുപത്രികൾക്കു വൻ സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണെന്നും യുഎൻഎ നേതാക്കൾ പറഞ്ഞു.

മേയ് മുതൽ പരിഷ്കരിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ ഭാവി സമര പരിപാടികൾ യോഗം ചേർന്നു തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.