ഫോർട്ട് കൊച്ചിയിലെ ദേവാലയ മേൽനോട്ടവും സ്വകാര്യ സ്ഥാപനത്തിന് ?

കൊച്ചി∙ ചരിത്ര സ്മാരകങ്ങളുടെ നടത്തിപ്പു സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്ന ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ പദ്ധതിയിൽ വാസ്കോഡ ഗാമയുടെ മൃതദേഹം സംസ്കരിച്ച ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് ദേവാലയവും. മട്ടാഞ്ചേരി ഡച്ച് പാലസ് മ്യൂസിയത്തിന്റെ നടത്തിപ്പു ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു (ടിസിഐ) നേരത്തെ കൈമാറിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും പുതിയ പട്ടികയിൽ സെന്റ് ഫ്രാൻസിസ് ദേവാലയം മാത്രമാണുള്ളത്. എന്നാൽ ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു പള്ളി വികാരി റവ. എൻ.കെ.പ്രസാദ് പറഞ്ഞു.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) ഉടമസ്ഥതയിലുള്ളതാണു പള്ളി. അറ്റകുറ്റപ്പണി മാത്രമാണു കേന്ദ്ര പുരാവസ്തു വകുപ്പു നടത്തുന്നത്. ഇതിനു പള്ളി കമ്മിറ്റിയുടെ അനുവാദം വാങ്ങാറുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതേ പദ്ധതിയുടെ ഭാഗമായി ഡാൽമിയ ഭാരത് ഗ്രൂപ്പ് ചെങ്കോട്ടയുടെ നടത്തിപ്പ് ഏറ്റെടുത്തതു വൻ വിവാദമായിരുന്നു. സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു വിനോദസഞ്ചാരികൾക്കു കൂടുതൽ സൗകര്യം കമ്പനികൾ ഏർപ്പെടുത്തുമ്പോൾ പകരം സ്മാരകങ്ങളോടു ചേർന്നു കമ്പനികളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കാമെന്നാണു ധാരണ.

സെന്റ് ഫ്രാൻസിസ് പള്ളി

1503 ൽ പോർച്ചുഗീസുകാർ നിർമിച്ചതാണു പൈതൃക സ്മാരകമായ സെന്റ് ഫ്രാൻസിസ് പള്ളി. വാസ്കോഡ ഗാമയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഇവിടം സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് എത്തുന്നത്. 1524ൽ ആണു വാസ്കോഡ ഗാമയുടെ മൃതദേഹം സംസ്കരിച്ചത്. പിന്നീടു മൃതദേഹാവശിഷ്ടങ്ങൾ ലിസ്ബണിലേക്കു കൊണ്ടുപോയെങ്കിലും ശവകുടീരം ഇന്നും ഇവിടെയുണ്ട്. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ സന്ദർശകർക്കു സൗജന്യമായി പ്രവേശിക്കാം.