Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീര(ാ)ക്കഥ

kappiri-muthappan

കാപ്പിരി മുത്തപ്പൻ, കപ്പിത്താൻ കൈദ്, പപ്പാഞ്ഞി, ചിന്നത്തമ്പി അണ്ണാവി.. മനുഷ്യരൂപം ലഭിച്ച നാലു തീരദേശമിത്തുകളുടെ കഥയും കാര്യവും.

കാപ്പിരി മുത്തപ്പൻ

പരപര വെളുപ്പിന് അംബ്രോസ് സ്രാങ്ക് പേടിച്ചോടി കമിഴ്ന്നടിച്ചു വീണതു മുത്തപ്പന്റെ മാടത്തിനു മുന്നിലേക്കാണ്. മീൻബോട്ടിന്റെ പഴയ ഹോൺ പതർച്ചയോടെ മുഴങ്ങുന്ന പോലൊരു നിലവിളി തൊണ്ടകീറി പുറത്തുവന്നു: ‘‘കാപ്പിരി മുത്തപ്പാ എനിക്കു നിന്റെ നിധി വേണ്ടാാാ....’’

അൻപതു വർഷം മുൻപാണ്. നാലു പെങ്ങമ്മാരെ കെട്ടിക്കാനുള്ള കഷ്ടപാടിൽ നിധിവേട്ടയ്ക്ക് ഇറങ്ങിയതാണ് അംബ്രോസ് സ്രാങ്കും ഏതു സാഹസത്തിനും ഒപ്പമുള്ള ചങ്ങാതി മമ്മദും.

Pappanji-

മട്ടാ​ഞ്ചേരി മുതൽ അന്ധകാരനഴി വരെ മുത്തപ്പന്റെ നിധിയുണ്ടാവാൻ സാധ്യതയുള്ള എട്ടിടങ്ങൾ ഒറ്റ രാത്രികൊണ്ടു കുഴിച്ചു നിധി കണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. സ്ഥലത്തെ അറിയപ്പെടുന്ന സ്ഥാനക്കാരൻ വാസു മേസ്തിരി (വാസ്തു മേശരി) ദിശ വരച്ചുകൊടുത്ത കോറത്തുണിയാണു ബലം.

നിധിയുണ്ടാവാൻ ഇടയുള്ള എട്ടു ദിക്കുകളാണു മേസ്തിരി വരച്ചു കൊടുത്തത്. മറവക്കാട് കടപ്പുറം കഴിഞ്ഞു നാലാമത്തെ കുഴിയെടുക്കുമ്പോഴാണ് ആ സംഭവമുണ്ടായത്. അംബ്രോസിന്റെ മൺവെട്ടികൊണ്ട് മമ്മദിന്റെ തള്ളവിരൽ മുറിഞ്ഞു. പച്ചമരുന്നു പറിച്ചു മുറിവിൽ കെട്ടാനായി മമ്മദ് നീങ്ങി.

പെട്ടെന്നാണു കടലിൽ ഒരു ചുവന്ന വെളിച്ചം കണ്ടത്. കടപ്പുറത്തേക്കു പാഞ്ഞുവരുന്ന ഒരു വിരിയം (മനുഷ്യനെ തിന്നുന്ന വൻസ്രാവ്), അതിനു പുറത്തു ചുരുട്ടും പുകച്ചിരിക്കുന്ന കാപ്പിരി മുത്തപ്പൻ !


മമ്മദ് തിരിച്ചുവന്നപ്പോഴേക്കു നേരം വെളുത്തിരുന്നു. കടപ്പുറത്ത് പാതിയെടുത്ത കുഴിയും മൺവെട്ടിയും അംബ്രോസിന്റെ ഉടുതുണിയും മാത്രം. ബോധംകെട്ട മമ്മദ് കണ്ണുതുറന്നപ്പോൾ വീടിന്റെ ഉമ്മറത്തെ തഴപ്പായിൽ കിടക്കുകയാണ്, അടുത്ത് കട്ടൻ കാപ്പിയുമായി ഉമ്മയുണ്ട്. മുറ്റത്തെ മാവിൽ ചാരി സൈക്കിളും ഇരിപ്പുണ്ട്.

Muthappan-maadom മുത്തപ്പൻ മാടം

ഒന്നും മനസ്സിലായില്ല മമ്മദിന്... കുറച്ചു കഴിഞ്ഞു യഥാർഥ വാർത്തയെത്തി–കാപ്പിരി മാടത്തിനു മുന്നിൽ കള്ളുകുടിച്ചു തുണിയില്ലാതെ കിടക്കുകയായിരുന്നു അംബ്രോസ്. നാട്ടുകാർ അവനെ പൊക്കി ആശുപത്രിയിലാക്കി.

മുത്തപ്പന്റെ മാടത്തിനു മുന്നിൽ തലയടിച്ചു വീണപ്പോൾ അംബ്രോസിന്റെ തലയിൽ മാമോദീസയ്ക്കു വീണ ആനാംവെള്ളംവരെ തൂവിപ്പോയെന്നു കൊച്ചിക്കാർ പിന്നീട് അടക്കം പറയുമായിരുന്നു. നിധിവേട്ടയ്ക്ക് ഇറങ്ങാൻ ഒരുങ്ങുന്നവർക്കു ‘മുത്തപ്പനോടാ അവന്റെ കളി’ എന്ന മുന്നറിയിപ്പോടെ അംബ്രോസിന്റെ നിധിവേട്ടയുടെ കഥയും നാട്ടുകാർ പറഞ്ഞുകൊടുത്തുതുടങ്ങി.

ഡച്ചുകാരോടു തോറ്റോടും മുൻപു പോർച്ചുഗീസുകാർ മാഹിയിലും കൊച്ചിയിലും തങ്കശേരിയിലും പടപ്പക്കരയിലും കുഴിച്ചിട്ട നിധിയുടെ കാവലാളായി കാപ്പിരി മുത്തപ്പനുണ്ടെന്ന വിശ്വാസത്തിനു റോഡരികിലെ മുത്തപ്പൻ മാടങ്ങളിൽ ഇന്നും കത്തിനിൽക്കുന്ന മെഴുകുതിരികൾതന്നെ സാക്ഷി. കുഴിച്ചിട്ട നിധി കാട്ടിത്തരാൻ മാത്രമല്ല ഇന്നു മുത്തപ്പനു നേർച്ച. ദൈവം തരാൻ അമാന്തിക്കുന്ന ഏതു കാര്യത്തിനും കാപ്പിരി മുത്തപ്പനോടു പ്രാർഥിക്കും. ചുരുട്ടും മീനും നേർച്ച വയ്ക്കും. ചിലർ കള്ളും.

മൂന്നുകൊല്ലം മുൻപത്തെ നിധിവേട്ട

മൂന്നുവർഷം മുൻപു റേഡിയോ മാംഗോയുടെ നിധിവേട്ടയിൽ പങ്കെടുത്തപ്പോൾ കിട്ടിയ നിർദേശങ്ങൾ കേട്ടു വഴിതെറ്റിയാണു രമേശ് മോഹനെന്ന ചെറുപ്പക്കാരൻ ബൈക്കിൽ മങ്ങാട്ടുമുക്കിലെത്തിയത്. ബൈക്കിനു പിന്നിലുണ്ടായിരുന്ന കൂട്ടുകാരൻ ഈ കഥയിൽ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, കാരണം, നിധി പ്‌രാന്തനായി മാറി നാടുവിട്ട അംബ്രോസിന്റെ മൂന്നാമത്തെ പെങ്ങളുടെ നാലാമത്തെ മകനാണത്.

KAPPIRI-MUTHAPPAN

എഫ്എം റേഡിയോ നിധിവേട്ടയിൽ തോറ്റതോടെ രമേശ് മോഹനോട് കൂട്ടുകാരൻ തന്റെ അമ്മാവന്റെ കഥ മുഴുവൻ പറഞ്ഞു. മുത്തപ്പനെ കണ്ട് പേടിച്ചോടി മാടത്തിനു മുന്നിൽ തലയടിച്ചു വീണ അംബ്രോസ് പിന്നീട് ആരോടും പറയാതെ നാടുവിട്ടു. ‘നിധി പ്‌രാന്തൻ’ എന്ന ഇരട്ടപ്പേരിൽ പെങ്ങമ്മാരും നാണിക്കാൻ തുടങ്ങിയതോടെയായിരുന്നു അത്. ഗോവയിൽ കണ്ടെന്നു ചില ബോട്ടുകാർ പറഞ്ഞതു കേട്ടപാതി ചങ്ങാതി മമ്മദ് ഗോവയ്ക്കു പോയതു പലർക്കും ഓർമയുണ്ട്. എന്തായാലും പിന്നീടു മമ്മദിനെയും ആരും കണ്ടിട്ടില്ല.

അംബ്രോസ് സ്രാങ്ക് നാടുവിട്ടു പോയതിന്റെ രണ്ടാമത്തെ ആണ്ടു ദിവസം, പുലർച്ചെ കുറ്റിച്ചൂലുമായി മുറ്റത്തിറങ്ങിയ മൂത്തപെങ്ങൾ ഒരു തടിപ്പെട്ടിയിൽ തട്ടിവീണു. ആരോ ഉമ്മറത്തു കിടത്തിയിട്ടതായിരുന്നു ആ മരപ്പെട്ടി. ഒച്ചകേട്ടു റാന്തലു കത്തിച്ച് മറ്റു പെങ്ങമ്മാരും ഇറങ്ങിവന്നു. ആരും കാണാതെ മരപ്പെട്ടിയെടുത്ത് അകത്തേക്കു പോയി. നല്ല കനം.

കാപ്പിരിമുത്തപ്പൻ ആ കുടുംബത്തിനു നൽകിയ അനുഗ്രഹമായിരുന്നു ആ പെട്ടിയെന്നാണ് പിന്നീട് നാട്ടിൽ പ്രചരിച്ച കഥ. നാലുപെങ്ങമ്മാരുടേയും കല്യാണം നാടറിഞ്ഞു നടന്നു.

എല്ലാവരും നല്ലനിലയിലായി. പലഹാരക്കച്ചവടം തുടങ്ങി കുടുംബം കരകയറ്റിയപ്പോൾ നാട്ടുകാർ പറഞ്ഞുണ്ടാക്കിയ കള്ളകഥയാണിതെന്ന് അംബ്രോസിന്റെ ബന്ധുക്കൾ ആണയിട്ടു പറഞ്ഞതോടെയാണ് നാട്ടുകാർ ആ കഥ പറച്ചിൽ നിർത്തിയത്.

മുത്തപ്പന്റെ നിധി

കേരളനാടിന്റെ സമ്പന്നത അറിഞ്ഞു തിരിച്ചു പോയ വാസ്കോ ഡ ഗാമ അന്നത്തെ പോർച്ചുഗീസ് രാജാവ് മാനുവലിനെ കിഴക്കൻ ദേശത്തു കണ്ടകാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പോർച്ചുഗലിനു രക്ഷപ്പെടാനുള്ള വഴി കേരളത്തിന്റെ ജൈവസമ്പത്താണെന്നു തിരിച്ചറിഞ്ഞ മാനുവൽ രാജാവ് തന്റെ കപ്പൽപ്പടയെ അയച്ചു. പടക്കപ്പലുകളിലെ ജോലികൾക്കായി കോംഗോയിലെ അടിമച്ചന്തകളിൽനിന്നു തടിമിടുക്കുള്ള യുവാക്കളേയും വാങ്ങി. പിന്നീട് ഓരോ തവണ കപ്പൽ പോരുമ്പോഴും ഇതൊരു പതിവായി. പോർച്ചുഗീസ് കാലത്ത് ഇങ്ങനെ ഒട്ടേറെ ആഫ്രിക്കൻ യുവാക്കൾ കേരളതീരത്ത് അടിമകളായി കപ്പലിറങ്ങി.

കേരളത്തിലെ പോർച്ചുഗീസ് പ്രതാപകാലം തലതാഴ്ത്തി തുടങ്ങിയത് 1663ൽ ഡച്ചു പടക്കപ്പലുകൾ കേരളതീരത്ത് തീതുപ്പാൻ തുടങ്ങിയതോടെയാണ്. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അവർ ശേഖരിച്ച വൻസമ്പത്തു മുഴുവൻ കയറ്റിക്കൊണ്ടുപോവാനുള്ള കപ്പലുകൾ പോർച്ചുഗീസുകാർക്കില്ലായിരുന്നു. വൻ സ്വർണം, വെള്ളി ശേഖരം അതീവരഹസ്യമായി കേരളതീരത്തു കുഴിച്ചിടാൻ അവർ തീരുമാനിച്ചു. ഡച്ചുകാരെ തോൽപ്പിച്ചു തീരം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു പോർച്ചുഗീസുകാർ. പക്ഷേ, ആ കുഴിച്ചുമൂടൽ അതീവക്രൂരമായിരുന്നു.

ഓരോ ധനകുംഭത്തിനും കാവലായി അടിമകളായ ആഫ്രിക്കൻ യുവാക്കളെയും ജീവനോടെ കുഴിച്ചുമൂടി. മണ്ണിനടിയിൽ ശ്വാസംമുട്ടി മരിച്ച അടിമകളുടെ ‘പ്രേത’ങ്ങളെ ഭയന്നു നാട്ടുകാർ ധനകുംഭങ്ങൾ മോഷ്ടിക്കില്ലെന്നായിരുന്നു പോർച്ചുഗീസുകാരുടെ വിശ്വാസം.

ഡച്ചുകാരെ തോൽപ്പിച്ച് ബ്രിട്ടിഷ് മേൽക്കോയ്മയിൽ നാട് അടിയറവു പറഞ്ഞതോടെ പോർച്ചുഗീസുകാരുടെ മടങ്ങിവരവു സാധിച്ചില്ല. അങ്ങനെയാണു തീരദേശത്തിന്റെ വിശ്വാസങ്ങളിൽ നിധികാക്കുന്ന ‘കാപ്പിരി മുത്തപ്പന്റെ’ ഉയർപ്പ്. അന്നു കേരളം വിട്ടുപോയ പോർച്ചുഗീസ് കപ്പിത്താന്മാർ രാജാവിനെ തിരിച്ചേൽപ്പിച്ച കേരളത്തിന്റെ ഭൂപടങ്ങളിൽ ചുവപ്പു നിറത്തിൽ രേഖപ്പെടുത്തിയ ഭാഗങ്ങൾ സമ്പത്തു കുഴിച്ചിട്ട പ്രദേശങ്ങളാണെന്നാണു ചരിത്രകാരന്മാരുടെ നിഗമനം. ഇവ ലിസ്ബൺ മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

kapithan-kaid

കപ്പിത്താൻ കൈദ്

കടൽക്കൊള്ള തടയാൻ ബ്രിട്ടിഷ് ഭരണകൂടം നിയോഗിച്ച സ്കോട്‌ലൻഡുകാരനായ പോരാളി ഒടുവിൽ മഹാസമുദ്രങ്ങളെ നടുക്കിയ കടൽക്കൊള്ളക്കാരനായി മാറിയ കഥയാണ് കപ്പിത്താൻ കൈദിന്റേത്.

വില്യം മൂന്നാമൻ രാജാവിന്റെ കാലത്താണ് ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽകൊള്ളക്കാരെ വേട്ടയാടാൻ ക്യാപ്റ്റൻ കി‍ഡ് നിയോഗിക്കപ്പെടുന്നത്. കിഡിന്റെ അഡ്വഞ്ചർ ഗാലിയെന്ന പടക്കപ്പലിന്റെ കൊടിക്കൂറ ദൂരെ കാണുമ്പോൾ തന്നെ ഒരുമാതിരി കൊള്ളക്കാരെല്ലാം കടലിൽ ചാടുമായിരുന്നു.

Captain-william ക്യാപ്റ്റൻ കിഡിന്റെ ഛായാചിത്രം

ക്യാപ്റ്റൻ കിഡ് പിടിച്ചെടുക്കുന്ന കൊള്ളമുതലിൽ 10% കിഡിന് ഇനാമായി നൽകാൻ വില്യം രാജാവ് ഉത്തരവിട്ടിരുന്നു. ബ്രിട്ടിഷ് കൊട്ടാരത്തിൽ ലഭിക്കുന്ന മുഴുവൻ കപ്പം കൂട്ടിയാലും കിഡ് പിടിച്ചെടുത്തിരുന്ന കൊള്ള മുതലിന്റെ അത്രയ്ക്കു വരില്ലായിരുന്നുവത്രേ. ഇതോടെ കൊട്ടാരത്തിൽതന്നെ കിഡിനു ശത്രുക്കളുണ്ടായി. കിഡ് കൊള്ളക്കാരെ നേരിടുകല്ല കപ്പലുകൾ കൊള്ളയടിക്കുക തന്നെയാണ് ചെയ്യുന്നതെന്ന് ഇവർ കണ്ടെത്തി.

അഡ്വഞ്ചർ ഗാലിയിൽ കയറ്റാൻ കഴിയുന്നതിലും കൂടുതൽ അളവിൽ കൊള്ളമുതൽ പിടികൂടുമ്പോൾ സമീപത്തെ ആൾതാമസമില്ലാത്ത ദ്വീപുകളിൽ അവ കുഴിച്ചിടുകയാണ് കിഡ് ചെയ്തിരുന്നത്. ഇങ്ങനെ ക്യാപ്റ്റൻ കിഡ് നിധി കുഴിച്ചിട്ട ദ്വീപുകൾ ‘മണി കോവ്’ എന്ന് അറിയപ്പെടാൻ തുടങ്ങി. നമ്മുടെ സ്വന്തം ലക്ഷദ്വീപിലെ മിനിക്കോയ് ക്യാപ്റ്റൻ കിഡിന്റെ ‘മണി കോവ്’ ആണെന്നു കഥയുണ്ട്.

കേരളം ഡച്ചു മേൽക്കോയ്മയിലായിരുന്ന കാലത്ത് 1680 മുതലുള്ള വർഷങ്ങളിൽ ക്യാപ്റ്റൻ കിഡ് ഭാരത തീരത്തു കുളച്ചൽ, കൊല്ലം, കൊച്ചി എന്നിവിടങ്ങളിൽ തമ്പടിച്ചെന്നും കേരളതീരത്തും വലിയ മരപ്പെട്ടികളിൽ കൊള്ളമുതൽ കുഴിച്ചിട്ടെന്നുമാണ് കഥ. ബ്രിട്ടിഷ് രാജകുടുംബത്തെ വെല്ലുവിളിക്കാവുന്ന കരുത്തിലേക്കു ക്യാപ്റ്റൻ കിഡ് വളർന്നതോടെ കടൽക്കൊള്ള ആരോപിച്ചു വിചാരണ നടത്തി തൂക്കിലേറ്റി, ശരീരം ടാറിൽ മുക്കി കടപ്പുറത്തു കെട്ടിതൂക്കി.

1645 ജനുവരി 22നു സ്കോട്‌ലൻഡിൽ ജനിച്ച കിഡിനെ 1701 മേയ് 23ന് തൂക്കിലേറ്റിയെന്നു ബ്രിട്ടിഷ് ചരിത്രരേഖകളും സാക്ഷ്യപ്പെടുത്തുന്നു. കേരള സന്ദർശനം എങ്ങും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്നും നിലനിൽക്കുന്ന ‘കപ്പിത്താൻ കൈദ്’ എന്ന മിത്ത് ചരിത്രകാരന്മാരെ അമ്പരപ്പിക്കുന്നുണ്ട്. യൂറോപ്യൻ സാഹിത്യത്തിനും സിനിമയ്ക്കും കടലിന്റെ നിഗൂഢ നീലനിറം പകർന്ന കഥാപാത്രമാണു ക്യാപ്റ്റൻ വില്യം കിഡ്. ആർ.എൽ. സ്റ്റീവൻസന്റെ നോവൽ ‘ട്രഷർ ഐലൻഡ്’, എഡ്ഗാർ അലൻ പോയുടെ ‘ദ് ഗോൾഡ് ബഗ്’, വാഷിങ്ടൺ ഇർവിങിന്റെ ‘ദ് ഡെവിൾ ആൻഡ് ടോം വാക്കർ’, നെൽസൺ ഡി മിലിയുടെ ‘പ്ലം ഐലന്റ്’ എന്നിവ ഉദാഹരണം.

പപ്പാഞ്ഞി

pappanjii-fire കത്തി എരിയുന്ന പപ്പാഞ്ഞി. ചിത്രം: ജിബിൻ ചെമ്പോല

കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിൽ ഇടപെട്ടത് ഒരു മിത്തിന്റെ രൂപം മാറ്റിക്കൊണ്ടാണ്. അൻവർ റഷീദിന്റെ ‘ഛോട്ടാമുംബൈ’ എന്ന സിനിമയുടെ ക്ലൈമാക്സിലെ ‘പപ്പാഞ്ഞി’യെ കത്തിക്കൽ രംഗം ഓർക്കുക. അതുവരെ ഡിസംബർ 31നു രാത്രി ഫോർട്ടുകൊച്ചിയിൽ കത്തിച്ചിരുന്ന പപ്പാഞ്ഞിക്കും സിനിമയിലെ പപ്പാഞ്ഞിക്കും സാന്താക്ലോസിന്റെ രൂപമായിരുന്നു.

എന്നാൽ പപ്പാഞ്ഞി യൂറോപ്യൻ ഛായയുള്ള വൃദ്ധനാണെന്ന നിഗമനമാണു പപ്പാഞ്ഞിയുടെ രൂപംമാറ്റാൻ ബിനാലെ ഫൗണ്ടേഷനു പ്രചോദനമായത്. കേരളതീരത്തെ രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള ജൂതസംസ്കാരത്തിലാണു പപ്പാഞ്ഞിയെന്ന മിത്തിന്റെ തുടക്കം.

യവനപ്പടയെ തോൽപ്പിച്ച് ഇസ്രയേലിന്റെ മണ്ണു വീണ്ടെടുക്കുന്നതിന്റെ ഓർമപ്പെരുന്നാളാണ് എട്ടുദിനം നീളുന്ന ‘ഹാനുക്ക’. ഒൻപതു കൊമ്പുള്ള അനുഷ്ഠാന വിളക്കിൽ ദിവസം ഒന്നും വീതം കത്തിക്കും. എട്ടാംനാൾ ഹീബ്രൂബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളായ തോറ ചുരുൾ പുറത്തെടുത്തു വായിക്കും. പിന്നീട് യവന സൈന്യാധിപനായിരുന്ന ബാഗ്രിസിന്റെ കോലം കത്തിക്കും. വൈക്കോൽ, ഉണങ്ങിയപുല്ല് എന്നിവയാണു കോലത്തിൽ ഉപയോഗിക്കുന്നത്. ഇതിനുള്ളിൽ ഉപ്പുപരലും ഇലഞ്ഞിയിലകളും തിരുകിവയ്ക്കും. കോലം കത്തുമ്പോൾ ചെറിയ പൊട്ടിത്തെറിയുണ്ടാവാണ് ഈ വിദ്യ പ്രയോഗിക്കുന്നത്.

ബാഗ്രിസിന്റെ കോലംകത്തിക്കൽ ആചാരത്തിൽനിന്നു കടംകൊണ്ടതാണു ഫോർട്ടുകൊച്ചിയിലെ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. പപ്പാഞ്ഞിയുടെ ഉള്ളിൽ തിരുകുന്നത് വെടിമരുന്നും ഗുണ്ടുകളുമാണ്. ഹാനുക്കപെരുന്നാൾ പോലെ ക്രിസ്മസ് രാത്രി കഴിഞ്ഞ് എട്ടാംദിവസം പുലർച്ചെയാണു പാപ്പാഞ്ഞിയെ കത്തിക്കുന്ന ആചാരവും.

Chinnathampi-annavi

ചിന്നത്തമ്പി അണ്ണാവി

പപ്പാഞ്ഞിക്കു പുതിയ രൂപം കൊടുത്തതിനു ശേഷം ബിനാലെ പിടികൂടിയ രണ്ടാമത്തെ ചരിത്ര കഥാപാത്രമാണു ചിന്നത്തമ്പി അണ്ണാവി. ഓട്ടംതുള്ളലിനു കുഞ്ചൻനമ്പ്യാർ എന്താണോ അതാണു ചവിട്ടുനാടകത്തിനു ചിന്നതമ്പി അണ്ണാവി. ഗോതുരുത്തിൽ അണ്ണാവിക്ക് ഒരു ശിൽപ്പം നിർമിക്കുന്നതുവരെ മിത്തോളം വളർത്തു നിൽക്കുന്ന ഈ ചരിത്രകഥാപാത്രത്തിനു രൂപമുണ്ടായിരുന്നില്ല.

_Annavi-silpam- കാറൽസ്മാൻ ചക്രവർത്തിയുടെ വേഷത്തിൽ ചിന്നത്തമ്പി അണ്ണാവിയുടെ ശിൽപ്പം

ചവിട്ടുനാടകത്തിലെ ഏറ്റവും തലയെടുപ്പുള്ള കഥാപാത്രമായ ഷാൽമെയിൻ ചക്രവർത്തി (കാറൽസ്മാൻ എബ്രദോർ)യുടെ വേഷത്തിൽ ചെങ്കോലുമായി ചുവടെടുത്തു നിൽക്കുന്ന രൂപത്തിലാണു ചിന്നത്തമ്പിയുടെ ശിൽപ്പം. യൂറോപ്യൻ ഐതീഹ്യങ്ങൾ ചെന്തമിഴ് കലർന്ന പ്രചീന മലയാളഭാഷയിൽ 600 വർഷം മുൻപു ഗാനരൂപത്തിൽ പാടിയതു ചിന്നത്തമ്പി അണ്ണാവിയാണ്. ഈ വാമൊഴി പാട്ടുകളാണ് പിന്നീടു ചവിട്ടുനാടകങ്ങളായി രൂപപ്പെട്ടത്. ഇന്ത്യൻ ഭാഷകൾ പഠിച്ച യൂറോപ്യൻ മിഷനറിയാണ് അദ്ദേഹമെന്നും യൂറോപ്യൻ കഥകൾ പഠിച്ച തമിഴ്‌വംശജനായ മലയാളിയാണ് ചിന്നത്തമ്പിയെന്നും വാദങ്ങളുണ്ട്.

താടിയും മുടിയും നീട്ടിവളർത്തി വലിയ മാറാപ്പുമായി വള്ളത്തിലും കാൽനടയായും പാട്ടുപാടി അലഞ്ഞ ചിന്നത്തമ്പി ഒരിക്കൽ കൊച്ചിയിലെ ഒരു കൽകുരിശിനു മുന്നിലിരുന്ന പാടുമ്പോൾ കുരിശ് വളഞ്ഞുവന്ന് അണ്ണാവിയെ തലോടിയെന്നാണ് ഒരുകഥ. കൊടുങ്ങല്ലൂർ കായലിൽ സഞ്ചരിക്കുമ്പോൾ കാറ്റിലും കോളിലും വള്ളം ആടിയുലഞ്ഞു.

ഇതൊന്നുമറിയാതെ പാട്ടുതുടർന്ന ചിന്നത്തമ്പി അണ്ണാവിയുടെ വള്ളത്തെ കായൽ അടുത്തു കണ്ട ദ്വീപിലേക്ക് അടുപ്പിച്ചു. ചവിട്ടുനാടക രചനയിൽ മുഴുകി അവിടെ ജീവിച്ച ചിന്നത്തമ്പി മത്സ്യത്തൊഴിലാളികളെ ചവിട്ടുനാടകം പഠിപ്പിച്ചു. അണ്ണാവി ജീവിച്ചതായി വിശ്വസിക്കുന്ന കൊച്ചിയിലും കൊടുങ്ങല്ലൂർ കായലിലെ ദ്വീപുകളിലുമായി നാനൂറിലധികം ചവിട്ടുനാടക കലാകാരന്മാർ ഇപ്പോഴുമുണ്ട്. ഒപ്പം അണ്ണാവി പഠിപ്പിച്ച പാട്ടും ചുവടുകളും ഒരു ശിൽപ്പവും.

Your Rating: