Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധങ്ങൾ

sunday-story-sketch വര: അജിൻ കെ.കെ.

കടൽത്തീരം ശാന്തമായിരുന്നു. ഒച്ചയും ബഹളവുമില്ല. കടൽ ഇളകിമറിയുന്നു; അയാളുടെ മനസ്സും. കരയെപ്പറ്റിച്ച് അകലെ മറയുന്ന തിരകളെപ്പോലെ അയാളുടെ ഓർമകൾ അടുക്കുന്നു – അകലുന്നു. 

‘‘എന്തൊരു ദാഹം തൊണ്ട വരളുന്നു.’’ 

അയാൾ പതിയെ എണീറ്റു നടന്നു. പാദങ്ങൾ മനസ്സിനൊപ്പം നീങ്ങുന്നില്ല. ഒരു ചായക്കട കണ്ടു. അകത്തുകയറി ഒരദ്ഭുത ജീവിയെ നോക്കുന്നതുപോലെ എല്ലാവരും നോക്കുന്നു. 

‘‘വരത്തനാണ്. അവന്റെ നോട്ടം ശരിയല്ല’’–അവർ വിധിയെഴുതി. അയാൾ ഊറിച്ചിരിച്ചു. 

‘‘എന്താ വേണ്ടേ?’’ ചായക്കടക്കാരന്റെ ചോദ്യം കേട്ട് അയാൾ തലയുയർത്തി. 

‘‘രണ്ടു ചായ’’ 

‘കഴിക്കാനെന്തെങ്കിലും?’ 

‘വേണ്ട.’ 

ചായ കുടിച്ചു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. ബലൂൺ സ്റ്റാൻഡും തോളത്തേറ്റി അയാൾ നടന്നു. ഉറങ്ങാൻ ഒരു കടത്തിണ്ണ കിട്ടി. സുഖമായുറങ്ങി. 

നേരം വെളുത്തുവരുന്നതേയുള്ളു. അയാൾ എഴുന്നേറ്റു. 

‘‘ഇനിയെന്ത്?’’ – മനസ്സ് ആ ചോദ്യം പല പ്രാവശ്യം ചോദിച്ചു. 

അയാൾ തന്റെ ബലൂൺ സ്റ്റാൻഡുമെടുത്തു നടന്നു. വഴിയിൽ കുട്ടികൾ ചിലതൊക്കെ വാങ്ങി. ഒരു വീടിനു മുന്നിൽ നിന്നപ്പോൾ കുട്ടി ഓടിവന്നു. അമ്മ അവനെ പിടിച്ചുവലിച്ചു കൊണ്ടുപോയി. 

‘‘കുട്ടികളെ പിടിക്കുന്നവനാ. ഇങ്ങു വാ...’’ 

‘‘താനോ... കുട്ടികളെ പിടിക്കുന്നവൻ ഹ... ഹ...’’ അയാൾ ചിരിച്ചു. ചിരി കരച്ചിലായി. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വീണ്ടും നടന്നു. വിശക്കുമ്പോൾ എന്തൊക്കെയോ വാങ്ങിക്കഴിച്ചു. 

തളർന്ന് ഒരു വീടിനു മുന്നിൽ ഇരുന്നു. പതിവുപോലെ ഫ്ലൂട്ട് വായിച്ചു. മണി കിലുങ്ങുന്നതുപോലെ ചിരി കേട്ട് അയാൾ തിരിഞ്ഞുനോക്കി. വലിയ വീട്; ബംഗ്ലാവെന്നു പറയുന്നതാണു ശരി. പൂട്ടിയിട്ട വലിയ ഗേറ്റ്. അതിൽ പിടിച്ച് ചാടിക്കളിക്കുന്നു ഒരു സുന്ദരിക്കുട്ടി. അദ്ഭുതം കൂറുന്ന മിഴികളുമായി അവൾ അയാളെ നോക്കി. അഞ്ചോ ആറോ വയസ്സുണ്ടാകും. 

‘എന്തിനാ ചിരിച്ചത്’’ അയാൾ ചോദിച്ചു. 

മാമന്റെ പാട്ടു കേട്ടിട്ട്, എന്തു രസാ. എനിക്കു പഠിപ്പിച്ചു തര്വോ? 

അയാൾ പതിയെ ചിരിച്ചു. സ്റ്റാൻഡിൽനിന്ന് ഒരു ബലൂൺ അയാൾ അവൾക്കു കൊടുത്തു. മനസ്സിനെന്തോ ഒരാനന്ദം തോന്നുന്നു. 

‘‘ആ കുഞ്ഞിന്റെ ചിരി, സംസാരം, എന്നിൽ ആഴത്തിൽ വേരൂന്നിയോ?’’ ദിവസവും ഈ പതിവു തുടർന്നു. ബലൂൺ കിട്ടുമ്പോൾ അവളുടെ മുഖത്തെ സന്തോഷം, വിടരുന്ന കുഞ്ഞു മിഴികൾ, നുണക്കുഴികൾ – അയാളിലൊരു നൊമ്പരമായി. 

ഒരുദിവസം അയാളും കുഞ്ഞും സംസാരിച്ചിരിക്കേ അരോഗദൃഢഗാത്രനായ ഒരാൾ ഇറങ്ങിവന്നു. ‘‘എടോ എന്താണ് നിന്റെ ഉദ്ദേശ്യം? കുഞ്ഞിനെ വശത്താക്കാൻവേണ്ടി അവൻ ബലൂണും പീപ്പിയും കൊണ്ടുനടക്കുന്നു. എണീറ്റു പോടാ തെണ്ടി.’’ 

ആളുകൾ കൂടി. അയാൾ തലയുയർത്തി നോക്കി. അയാൾക്കു നാവനക്കാൻ കഴിഞ്ഞില്ല. സംഭവങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. തന്റെ കൂടെ നിന്നു ചതിച്ചവൻ. തന്റെ കുടുംബം ഇല്ലാതാക്കിയവൻ. തന്റെ വീണയെ തന്നിൽനിന്നകറ്റിയവൻ!! 

അയാൾ പതിയെ എഴുന്നേറ്റു നടന്നു. പിറ്റേദിവസവും അയാൾ ആവഴി വന്നു, അവസാനമായി. കുഞ്ഞ് അവിടെ കാത്തുനിന്നിരുന്നു. ഭംഗിയുള്ള ഒരു ബലൂൺ അവൾക്കു കൊടുത്തു. കുറച്ചുനേരം ആ മുഖത്തേക്കു തന്നെ നോക്കി അയാൾ നിന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞു. 

അയാളോർത്തു. അഞ്ചു കൊല്ലം മുൻപ് മഴയുള്ള ആ രാത്രി. മഴയുള്ള ആ രാത്രി... നഴ്സ് തന്റെ കയ്യിൽ ഏൽപിച്ച ജീവൻ – ആ ചൂടിനെ... അയാൾ കൈകൾ നെഞ്ചോടു ചേർത്തു...