Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാമത്തവൾ

campus-story-moonnamathoral വര: രഞ്ജിത് ടി.എം.

പതിവിലും നേരത്തേയിറങ്ങി ഇന്ന്. വീട്ടിലെത്താനുള്ള അവസാന ബസ് കണ്ടപ്പോൾ പിന്നൊന്നും നോക്കിയില്ല. വേഗത്തിൽ നടക്കാൻ സാരിയൊന്നു പൊക്കിപ്പിടിച്ചപ്പോഴാണു കടകളിലെ ബൾബിന്റെ പ്രകാശത്തിൽ തന്റെ കാലുകൾക്ക് ഇത്ര ഭംഗിയുണ്ടെന്നറിയുന്നത്. ഒരു നീണ്ട മഴയ്ക്കുശേഷമുള്ള നേരിയ കാറ്റിൽ സാരിത്തലപ്പുകൊണ്ടും മുടിയിഴകൊണ്ടും താനൊളിപ്പിച്ചുവച്ച ഉന്തിയ വയറും മുതുകത്തെ കറുത്ത മറുകും പുറത്തേക്കെത്തിനോക്കുന്നതായി തോന്നി.

ബസിൽ കയറിയ ഉടൻതന്നെ ജനാലയ്ക്കരികിൽ സ്ഥാനം പിടിച്ചു. ബസിൽ ആരും ഇല്ല എന്ന സത്യം ​എന്തെന്നില്ലാത്ത ആശ്വാസം നൽകി. തന്നെ കാണുന്നവരുടെ മുഖത്തെ അമ്പരപ്പ് ഒഴിഞ്ഞുകിട്ടിയല്ലോ എന്നതായിരുന്നു കാരണം.

ബസിൽ ആളുകൾ കയറിത്തുടങ്ങി. ചുറ്റും ഒരു പകലിന്റെ വിയർപ്പിന്റെയും മദ്യത്തിന്റെയും പുകവലിയുടെയും മനം മടുപ്പിക്കുന്ന ഗന്ധം. ബോധമില്ലാതെ നിലത്തു കാലുറപ്പിക്കാൻ പെടാപ്പാടു പെടുന്ന ചെറിയ പുരുഷസമൂഹത്തിനു നടുവിലാണു താനിപ്പോഴുള്ളതെന്ന ബോധം പെട്ടെന്നാണുണ്ടായത്. രാത്രിയുടെ വിശാലതയിൽ തന്നെ മതിവരുവോളം ആസ്വദിക്കുന്നവരും പരിഹസിച്ചു മാറിനിൽക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

പുരുഷന്മാരു‌ടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. എന്നാൽ, ഞങ്ങൾ സ്ത്രീകൾ... വാചകം മുഴുവനാക്കാൻ കഴിഞ്ഞില്ല. പകരം വന്നതു ചിരിയാണ്. ആണെന്നോ പെണ്ണെന്നോ വേർതിരിക്കാനായില്ലെങ്കിലുള്ള അറ്റകൈ പ്രയോഗം – ട്രാൻസ്ജെൻഡർ. മനസ്സിൽ ഭൂമിയോളം വലുപ്പത്തിൽ പരിഹാസവും പുച്ഛവും നുരഞ്ഞുപൊന്തുമ്പോഴും പ്രസംഗങ്ങളിലും പത്രവാർത്തകളിലും ചർച്ചകളിലുമെല്ലാം തങ്ങളെ ഈവിധം അഭിസംബോധന ചെയ്യുന്നവരുണ്ട്. പുറംമോടിയില്ലാത്ത പുറംലോകം തങ്ങളെ ഒൻപത്, ചാന്തുപൊട്ട് എന്നീ പേരുകളിൽ രേഖപ്പെടുത്തുന്നു എന്നതാണു സത്യം.

പന്ത്രണ്ടാം വയസ്സിലാണ് ഈ വിളിപ്പേരുകൾക്കുനേരെ തനിക്കാദ്യമായി നെറ്റിചുളിക്കേണ്ടിവന്നത്. സ്ത്രീകളോടുള്ള ആരാധനയിലായിരുന്നു തുടക്കം. പിന്നീടെപ്പോഴോ ആ രൂപത്തെ തന്നിലേക്കുതന്നെ ആവാഹിക്കേണ്ടിവന്നു. കുണുങ്ങിച്ചിരിയോടെയും നാണിച്ചും ഒതുക്കമുള്ള നടത്തത്തോടെയുമല്ലാതെ തനിക്ക് ആൾക്കൂട്ടത്തെ നേരിടാനേ കഴിഞ്ഞില്ല. വെറുപ്പോടെ കാണുന്ന വീട്ടുകാർ, ബന്ധുക്കൾ, പരിഹസിക്കുന്ന സുഹൃത്തുക്കൾ, നാട്ടുകാർ. തെരുവുപട്ടിക്ക് എന്നപോലെ ആഹാരം തനിക്കുനേരെ ഉന്തിനീക്കുന്ന അമ്മ. നാലുപേരുടെ മുന്നിൽ തള്ളിപ്പറഞ്ഞു തക്കംകിട്ടുമ്പോൾ പടം വിടർത്തിയ വിഷസർപ്പം കണക്കെ ഇണചേരാൻപോന്ന കൊതിയോടെ നീണ്ട കൈകളെ തന്റെ ശരീരത്തിലൂടെ പടർത്തി, കണ്ണുകളെ അവയ്ക്കിഷ്ടാനുസരണം തനിക്കുനേരെ മേയാൻവിട്ട് സുഖിക്കുന്നവർ... ഇതായിരുന്നു തന്റെ ലോകം.

സ്റ്റോപ്പെത്തിയപ്പോൾ ചുറ്റുമുണ്ടായിരുന്ന പുരുഷസമൂഹത്തിന്റെ ദൃഷ്ടിസുഖത്തിനു വിരാമമിട്ടുകൊണ്ട് ബസിൽനിന്നിറങ്ങേണ്ടിവന്നു. കുറച്ചു നടക്കാനുണ്ടു വീട്ടിലേക്ക്. ജീവിതത്തിൽ ഒരേ അനുഭവത്തിലൂടെ കടന്നുപോയ താനടക്കം അഞ്ചുപേരടങ്ങുന്ന തങ്ങളുടെ കുടുംബം. മുന്നോട്ടുവച്ച ഓരോ ചുവടിലും കാലുറപ്പിക്കാനാകാതെ വഴുതിപ്പോയി ചലനമറ്റുനിന്ന തന്നെ കൈപിടിച്ചു കൂടെകൂട്ടിയതവരായിരുന്നു. ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാതെ നിസ്സഹായയായിത്തീർന്ന കുറച്ചു നാളുകൾ. ജോലിതേടി ചെന്നിടമെല്ലാം തന്നെ ഒന്നിൽനിന്നു മൂന്നാക്കി വിധിയെഴുതിയവർ. വയറു നിറയ്ക്കാൻ പണം വേണമെന്നു തോന്നിയപ്പോൾ ജീവിതവരുമാനത്തിനായി പച്ചമാംസം കാഴ്ചവയ്ക്കേണ്ടിവരുന്ന പെണ്ണിന്റെ മനസ്സൊരുപാട് വേദനിക്കുമെന്നു കണ്ണീരോടെ അവർ പറഞ്ഞുതന്നു. അതെത്ര ശരിയാണെന്നു തന്റെ അനുഭവങ്ങൾ തന്നെ പഠിപ്പിച്ചുകഴിഞ്ഞു. ഏറെക്കാലമായി നെഞ്ചിൽ കോരിയിട്ട നെരിപ്പോടിലെ തീ പതിയെ അണയുന്നുണ്ടിപ്പോൾ.

അനിയത്തിയുടെ കൺമഷിയോടും മഴവിൽപൊട്ടുകളോടും തോന്നിയ പ്രണയത്തിന് പൊള്ളിച്ച ചട്ടുകം കൊണ്ട് അമ്മ ഒട്ടിച്ചുവച്ച കനൽചിത്രങ്ങളെക്കാൾ ഭംഗിയുണ്ടായിരുന്നു. കാലം കടന്നുപോവുകയും ഓരോ കനൽചിത്രവും പുനർജന്മമെടുത്ത് തന്റെ പുരുഷത്വത്തെത്തന്നെ എരിച്ചുകളയാൻപോന്ന ഒരു തീപ്പന്തമായി തന്റെ ‌തുടകളിൽ ഇന്നും എരിഞ്ഞു തീരുന്നുണ്ട്.

താൻ ജീവിക്കേണ്ടതും മരിക്കേണ്ടതും ഇവിടെയാണെന്നു ബോധ്യമായപ്പോൾ ആത്മഹത്യയ്ക്കു തുനിയാതെ നാടുവിട്ടു. ജോലിതേടി ചെന്നപ്പോൾ വേർതിരിവുകളുടെ മതിലുകൾ സൃഷ്ടിച്ചവർക്കിടയിലും മുഖത്തു തുപ്പി ആട്ടിപ്പായിച്ചവർക്കിടയിലും തനിക്കൊരു രക്ഷകനുണ്ടായി. ഒരു കാമുകിയുടെ സ്ഥാനം നൽകി ഒപ്പം കൂടിയപ്പോൾ ഒരു ഭാര്യയുടെ അവകാശം താനേറെ ആഗ്രഹിക്കുകയും ഒരു കുടുംബിനിയുടെ അധികാരത്തിലേക്കു താനറിയാതെ വഴുതിവീഴുകയും ചെയ്തു.

എന്നാൽ, ഒരുരാത്രിയുടെ കൂട്ടുപിടിച്ച് തന്നെ എന്നന്നേക്കുമായി ഇട്ടിട്ടുപോകാനുള്ള ആണത്തമേ അയാൾക്കുണ്ടായിരുന്നുള്ളൂ എന്നു മനസ്സിലാക്കാൻ താനേറെ വൈകിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ തകർന്നുപോയപ്പോൾ തന്റെ കൂടെയുള്ളവരാണു തന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്. ഒരു നല്ല സ്നേഹിതനിൽനിന്ന് തന്റെ സംതൃപ്തരായ ഉപഭോക്താക്കളിൽ ഒരാളാകാൻ അയാളെത്തുമെന്നു സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. അയാളുടെ കണ്ണുകളിൽ ഇന്ന് താൻ കണ്ട ലജ്ജയും ഭീതിയും ഞെട്ടലുമെല്ലാം ഒരു മധുരപ്രതികാരത്തിന്റെ ഓർമയിൽ താനാസ്വദിക്കുകയായിരുന്നു. ഞരമ്പുകളിൽ പകയുടെ ഒരു തരിപോലുമുണ്ടായിരുന്നില്ല. പകരം വിശപ്പടക്കാൻ ആഹാരത്തിനോട് ആർത്തി കാണിക്കുന്നവന്റെ മുന്നിലേക്കു പഴകിപ്പോയ ഭക്ഷണം വച്ചുനീട്ടുന്ന യജമാനന്റെ ഔദാര്യമാണ്.

വീട്ടിലെത്തിയപാടെ ബാത്ത്റൂമിലേക്കു കയറി. നൂൽബന്ധമില്ലാതെ ഷവറിനു ചുവട്ടിൽ നിന്നു. ഓരോ തുള്ളിയും ശരീരത്തെ സ്പർശിക്കുമ്പോഴും ഇക്കാലമത്രയും പേറിയ ഓരോ പുരുഷന്റെയും വിയർപ്പുകണങ്ങൾ എന്നന്നേക്കുമായി മനസ്സില്ലാമനസ്സോടെ യാത്രപറഞ്ഞു പടിയിറങ്ങി. തുറിച്ചുനോക്കിയ ഓട്ടോക്കാരൻ, മൗനമായി രുചിച്ചുനോക്കിയ വഴിപോക്കൻ. അങ്ങനെ തന്റെ ചോര കുടിച്ചു ചീർത്ത ആൺ അട്ടകളെയെല്ലാം പറിച്ചു ദൂരെക്കളഞ്ഞു. പിന്നെ, മാംസക്കൊതി മൂത്ത് തന്നെ ചവച്ചുതുപ്പിയ ഒരു വേട്ടമൃഗത്തിന്റെ കൂർത്ത രോമങ്ങളെയും. പതിയെ... വെള്ളത്തുള്ളികൾ തന്റെ നെറുകയിൽനിന്നും താടിയിൽ ചുംബിച്ച് കഴുത്തിലൂടെ ഊർന്നിറങ്ങി മാറിടങ്ങളെ വലംവച്ച് പൊക്കിളിനു ചുറ്റും ഭീതിയൊട്ടുമില്ലാതെ വട്ടമിട്ടു പറന്നകന്നു. കൂടെ... പുതിയൊരു ഭ്രൂണം പിറവിയെടുത്ത് തനിക്കുനേരെ വിജയഭേരി മുഴക്കുംപോലെ... ഒരു കുഞ്ഞുതേങ്ങലായി അവ എന്നെന്നേക്കുമായി നിലംപതിക്കുന്നതും.