വിദേശ വനിതയുടെ കൊലപാതകം: തെളിവുകൾ കാട്ടിത്തരാമെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം∙ വാഴമുട്ടത്തു വിദേശ വനിതയെ മാനഭംഗം ചെയ്തശേഷം വലിച്ചെറിഞ്ഞ ചെരിപ്പും അടിവസ്ത്രവും കാട്ടിത്തരാമെന്നു പ്രതികൾ സമ്മതിച്ചതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. യുവതിക്കു ലഹരിമരുന്നു നൽകിയതിന്റെ ഉറവിടം കണ്ടെത്താൻ പ്രതികളുടെ സാന്നിധ്യം അത്യാവശ്യമാണെന്നു പൊലീസ് കോടതിയെ അറിയിച്ചു.

ലഹരിമരുന്നു നൽകി ബോധം കെടുത്തി മാനഭംഗപ്പെടുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവതിയെ കൊലപ്പെടുത്തിയെന്നാണു റിപ്പോർട്ടിലുള്ളത്. പ്രതികൾ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരായതിനാൽ സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും പൊലീസ് പറഞ്ഞു. തുടർന്നു 14 ദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി പൂർണമായി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ഉമേഷ് മുൻപ് ആറു പുരുഷന്മാരെയടക്കം 14 പേരെ പീഡിപ്പിച്ചിരുന്നതായി ഇരയായ ഒരാൾ മൊഴി നൽകിയതിനെത്തുടർന്ന് ഉമേഷിനെതിരെ കൂടുതൽ കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. മൊഴി നൽകിയയാളെ ആറു വയസ്സു മുതൽ കണ്ടൽക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒരിക്കൽ ഇരയാകുന്നവരെ പിന്നീടു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയാണു പതിവെന്നും മൊഴിയിൽ പറയുന്നു.

അന്വേഷണത്തിന്റെ തുടക്കത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തുള്ള ഒതള മരത്തിൽനിന്നു കായ് പറിച്ചുതിന്നു മരിച്ചതാകാമെന്ന സാധ്യതയും പൊലീസ് പരിഗണിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഇതിനായി പച്ച ഒതളങ്ങ പരിശോധിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ പ്രതികളെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും. രാസപരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും.