മഅദനി നാളെ ബെംഗളൂരുവിലേക്ക് മടങ്ങും

കൊല്ലം ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി നാളെ ബെംഗളൂരുവിലേക്കു മടങ്ങും. കർണാടകയിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ നാളെത്തന്നെ തിരിച്ചെത്തണമെന്ന ബെംഗളൂരു പൊലീസിന്റെ ആവശ്യത്തെ തുടർന്നാണു നേരത്തെ മടങ്ങുന്നതെന്നു പിഡിപി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചു.

അർബുദബാധിതയായ മാതാവിനെ സന്ദർശിക്കാൻ ഈ മാസം മൂന്നു മുതൽ 11 വരെയാണു ബെംഗളൂരു എൻഐഎ കോടതി മഅദനിക്കു സമയം അനുവദിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കാൻ വൈകിയതിനാൽ നാലിനാണു നാട്ടിലെത്താനായത്. എൻഐഎ കോടതിയിലെ ജഡ്ജിയെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറങ്ങിയതിനാൽ മഅദനിയുടെ വിചാരണ ഇനിയും വൈകാനിടയുണ്ടെന്നു സിറാജ് പറഞ്ഞു. പിഡിപിയുടെ സംസ്ഥാന പ്രത്യേക പ്രതിനിധി സമ്മേളനം 10നു തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും.