പുതുച്ചേരി വാഹന റജിസ്ട്രേഷൻ തട്ടിപ്പ്: മാപ്പാക്കൽ പദ്ധതി പൊളിഞ്ഞു

തിരുവനന്തപുരം∙ ഒരു മാസം കൊണ്ട് 200 കോടി രൂപ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ട്, പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച മാപ്പാക്കൽ പദ്ധതി പൊളിഞ്ഞു. കഴിഞ്ഞ 30ന് അവസാനിച്ച പദ്ധതി പ്രകാരം നികുതിയടച്ചത് 247 പേർ മാത്രം. കിട്ടിയതു വെറും 20 കോടി. പിഴയടക്കം നികുതി പിരിച്ചെടുക്കാനായി മോട്ടോർ‌ വാഹന വകുപ്പും ക്രൈംബ്രാഞ്ചും തുടങ്ങിവച്ച ക്രിമിനൽ അന്വേഷണം മരവിപ്പിക്കാനാണു മാപ്പാക്കൽ‌ പദ്ധതി ഫലത്തിൽ ‘ഉപകരിച്ചത്’. സാവകാശം കിട്ടിയതോടെ, നികുതി അടയ്ക്കാനുള്ള 622 വാഹന ഉടമകളിൽ ചിലർ കോടതിയെ സമീപിക്കുകയും മറ്റു ചിലർ വാഹനം പുതുച്ചേരിയിലേക്കു കടത്തുകയും ചെയ്തു. 200 കോടി പ്രതീക്ഷിച്ചുള്ള മാപ്പാക്കൽ പദ്ധതിയിൽ 150 കോടി രൂപയെങ്കിലും സർക്കാരിനു നഷ്ടപ്പെട്ടേക്കാം.

നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചു കേരളത്തിലെ 2357 വാഹനങ്ങൾ‌ പുതുച്ചേരിയിൽ റജിസ്റ്റർ െചയ്തതായാണു മോട്ടോർ വാഹന വകുപ്പു കണ്ടെത്തിയിരുന്നത്. ഇതിൽ 1007 പേർക്കു നോട്ടിസ് നൽകി. നികുതി അടയ്ക്കാത്തവർക്കെതിരെ വ്യാജ രേഖ ചമച്ചതിനും മറ്റും ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു ഫെബ്രുവരി രണ്ടിനു ബജറ്റിൽ മാപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്.

ഏപ്രിൽ 30ന് അകം നികുതി അടയ്ക്കുന്നവർക്കു പിഴ ഒഴിവാക്കി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മാപ്പാക്കലിനു മുൻപു 138 പേർ‌ നികുതിയടച്ചതു വഴി 13 കോടി കിട്ടിയിരുന്നു. സുരേഷ് ഗോപി എംപി, നടി അമലാ പോൾ തുടങ്ങിയ പ്രമുഖരൊന്നും നികുതി അടച്ചിട്ടില്ലെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. നടൻ ഫഹദ് ഫാസിൽ നോട്ടിസ് കിട്ടിയപ്പോൾ തന്നെ ഒരു വാഹനത്തിന്റെ നികുതിയായി 17.68 ലക്ഷം രൂപ അടച്ചിരുന്നു. മാപ്പാക്കൽ പ്രഖ്യാപിച്ചതോടെ രണ്ടാമത്തെ വാഹനത്തിനും അദ്ദേഹം കേരളത്തിൽ നികുതി അടച്ചു. മറ്റ് ഒട്ടേറെ പ്രമുഖരുടെ വാഹനങ്ങൾ ഇപ്പോൾ കേരളത്തിൽ കാണാനില്ല. ഇവർ മറിച്ചു വിൽക്കുന്നതിനായി സംസ്ഥാനത്തിനു പുറത്തേക്കു വാഹനങ്ങൾ കടത്തിയിട്ടുണ്ടാകുമെന്നാണു വിലയിരുത്തൽ. എങ്കിൽ 200 കോടി പ്രതീക്ഷിച്ച സർക്കാരിന് ഇനി ആ പ്രതീക്ഷ ഉപേക്ഷിക്കാം.