കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 13 രൂപ

തിരുവനന്തപുരം∙ സംസ്ഥാനത്തു വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില ലീറ്ററിനു 13 രൂപയായി സർക്കാർ നിശ്ചയിച്ചു. അവശ്യസാധനങ്ങളുടെ പട്ടികയിൽ കുപ്പിവെള്ളത്തെ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്തശേഷമേ വിലക്കുറവ് നിലവിൽ വരികയുള്ളൂ. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാർ വില കുറയ്ക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു കുപ്പിവെള്ളത്തെ അവശ്യസാധന നിയമത്തിൽ ഉൾപ്പെടുത്തുന്നത്.

ഇനി സർക്കാർ നിശ്ചയിച്ചതിൽ കൂടിയ വിലയ്ക്കു വിൽപന നടത്തിയാൽ നിയമനടപടി വരും. കുപ്പിവെള്ള നിർമാതാക്കളുടെ സംഘടനാ പ്രതിനിനിധികളുമായി മന്ത്രി പി.തിലോത്തമൻ നടത്തിയ ചർച്ചയിലാണു തീരുമാനം. നേരത്തേ 12 രൂപയ്ക്കു വിൽക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വ്യാപാരികൾ വിസമ്മതിച്ചു. ഇന്നലെ നടന്ന ചർച്ചയിൽ കുപ്പിയുടെ വില കൂടിയതിനാൽ 15 രൂപ ആക്കണമെന്ന് അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.

കുപ്പിക്കു നാമമാത്രമായ വിലവർധിച്ചതിന്റെ പേരിൽ 15 രൂപ അംഗീകരിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. തുടർന്നാണു 13 രൂപയ്ക്കു ധാരണയായത്. വ്യാപാര സംഘടനകളുടെ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. എന്നാൽ 12 രൂപയ്ക്കു വെള്ളം വിൽക്കാൻ തയാറാണെന്നു വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഒരു ലീറ്റർ വെള്ളത്തിന് 8.50 രൂപയാണു നിർമാതാക്കൾക്കു ലഭിക്കുന്നത്.