വയൽക്കിളികൾ പി.ജയരാജനുമായി രഹസ്യചർച്ച നടത്തി

കണ്ണൂർ ∙ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയൽക്കിളി സമരസമിതിയുടെ നേതാക്കൾ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനുമായി രഹസ്യചർച്ച നടത്തി. വയൽക്കിളികൾ ലോങ് മാർച്ചിന്റെ തീയതി പ്രഖ്യാപിക്കാനിരുന്നതിന്റെ തലേന്നായിരുന്നു രഹസ്യ കൂടിക്കാഴ്ച. പിറ്റേന്നു നടന്ന സമരസമിതി യോഗം ലോങ് മാർച്ച് പ്രഖ്യാപനം മൂന്നു മാസത്തേക്കു നീട്ടിവയ്ക്കുകയായിരുന്നു.

കീഴാറ്റൂർ സമരസമിതിയുടെയും ഐക്യദാർഢ്യസമിതിയുടെയും നേതൃത്വത്തിലുള്ള സമരപ്രഖ്യാപന കൺവൻഷൻ ഈ മാസം അഞ്ചിനാണ് കണ്ണൂരിൽ നടന്നത്. കീഴാറ്റൂർ പ്രശ്നത്തിൽ തിരുവനന്തപുരത്തേക്കു ലോങ് മാർച്ച് നടത്തുന്ന തീയതി ഈ കൺവൻഷനിൽ പ്രഖ്യാപിക്കുമെന്ന് നേരത് അറിയിച്ചിരുന്നു. 

എന്നാൽ നാലിനു വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ മൂന്നുപേർ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി പി.ജയരാജനുമായി രഹസ്യചർച്ച നടത്തി. ബൈപാസ് വിരുദ്ധ സമരം ജില്ലയ്ക്കു പുറത്തേക്കു നീളുന്നതോടെ തീവ്രവാദശക്തികൾ ഇതു ഹൈജാക്ക് ചെയ്യാനുള്ള സാധ്യതകളാണു ചർച്ചയിൽ  പി.ജയരാജൻ ചൂണ്ടിക്കാണിച്ചതെന്നാണു വിവരം. ലോങ് മാർച്ചിനു പിന്തുണയുമായി മതതീവ്രവാദ സംഘടനകളും മാവോയിസ്റ്റ് സംഘടനകളും എത്തുന്നതിന്റെ പ്രശ്നങ്ങളും ചർച്ചയായി. 

ലോങ് മാർച്ചിന്റെ തീയതി പ്രഖ്യാപിക്കുന്നത് ഓഗസ്റ്റിലേക്കു നീട്ടിവയ്ക്കുന്നതായി പിറ്റേ ദിവസം നടന്ന സമരപ്രഖ്യാപന കൺവൻഷനിൽ സമരസമിതി നേതാക്കൾ അറിയിക്കുകയായിരുന്നു. ചർച്ച നടത്തിയതായി പി.ജയരാജനും സുരേഷ് കീഴാറ്റൂരും സ്ഥിരീകരിച്ചു. പി.ജയരാജനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എന്നാൽ ബൈപാസിനായി വയൽ നികത്തരുതെന്ന മുൻ നിലപാടിൽ നിന്നു പിന്നോട്ടുപോയിട്ടില്ലെന്നും സുരേഷ് കീഴാറ്റൂരും വ്യക്തമാക്കി.