റീസർവേ നടത്തിയില്ലെന്ന് പരാതി; വില്ലേജ് ഓഫിസ് രേഖകൾക്ക് തീയിട്ടു

ആമ്പല്ലൂർ വില്ലേജ് ഓഫിസിലെത്തി ഫയലുകൾക്കു തീയിട്ട രവി പൊലീസ് സ്റ്റേഷനിൽ.

ആമ്പല്ലൂർ (കൊച്ചി) ∙ തന്റെ ഭൂമിയുടെ റീസർവേ വൈകുന്നതിൽ പ്രതിഷേധിച്ച് വയോധികൻ വില്ലേജ് ഓഫിസ് ഫയലുകൾക്കു  തീയിട്ടു. കാഞ്ഞിരമറ്റം പാലക്കുന്നുമല ചക്കാലയ്ക്കൽ രവിയെന്ന എഴുപതുകാരനാണ് ആമ്പല്ലൂർ വില്ലേജ് ഓഫിസിലെ ഫയലുകൾ കത്തിച്ചത്. 

ഇന്നലെ രാവിലെ പത്തു മണിയോടെ ജീവനക്കാർ ഓഫിസ് തുറന്നു വൃത്തിയാക്കുന്നതിനിടെയാണ് രവി എത്തിയത്.  തന്റെ ഭൂമിയുടെ സർവേ എപ്പോൾ പൂർത്തീകരിക്കുമെന്നു ചോദിച്ചുവെന്നും താലൂക്ക് അധികൃതരാണ് അതു നടത്തേണ്ടതെന്ന് അറിയിച്ചതോടെ കയ്യിലുണ്ടായിരുന്ന പെട്രോൾ വില്ലേജ് ഓഫിസിലെ മേശയുടെ പുറത്തിരുന്ന ഫയലുകളിലേക്ക് ഒഴിച്ച് തീ കൊളുത്തിയെന്നും  ജീവനക്കാർ പറഞ്ഞു. 

ഓടിപ്പോയ രവിയെ പിന്നീടു കാഞ്ഞിരമറ്റത്തുനിന്നു പൊലീസ് പിടികൂടി. 

തീപിടിത്തത്തിൽ  ഏതാനും ഫയലുകളും ബിൽ ബുക്കും കത്തി നശിച്ചു. ആർക്കും അപായമില്ല. കത്തിക്കാൻ ഉപയോഗിച്ച പെട്രോളിന്റെ ബാക്കി വില്ലേജ് ഓഫിസിനു പുറത്തുനിന്നു കണ്ടെടുത്തു.  സ്ഫോടകവസ്തു ഉപയോഗിച്ചു നാശം വരുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി രവിക്കെതിരെ കേസെടുത്തു.