സോളർ വിധി സർക്കാരിനു തിരിച്ചടി

തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നു സരിതയുടെ കത്തും അനുബന്ധ പരാമർശങ്ങളും നീക്കണമെന്ന ഹൈക്കോടതി വിധി സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വലിയ തിരിച്ചടിയായി; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു വലിയ ആശ്വാസവും. സരിത എഴുതിയതെന്നു പറയപ്പെടുന്ന കത്ത് ആസ്പദമാക്കിയുള്ള റിപ്പോർട്ടിന്റെ പേരിലായിരുന്നു ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

കേസി‍ൽ ഉന്നതരെ കുടുക്കാൻ പൊലീസ് ആസ്ഥാനത്തു ചില നീക്കം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിധി. അന്വേഷണം പ്രഖ്യാപിച്ചതിന്റെ നിയമവശത്തെക്കുറിച്ചു സർക്കാരിനു വൈകാതെ തന്നെ പുനർവിചിന്തനം വേണ്ടിവന്നുവെങ്കിൽ കോടതി വിധി അക്കാര്യത്തിൽ അവസാന ആണിയായി. കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്റെ വിവാദ തീരുമാനവും ഇതോടെ റദ്ദായി. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന ഡിജപി രാജേഷ് ദിവാൻ വിരമിച്ചശേഷം പുതിയ ആളെ നിയോഗിച്ചിട്ടില്ല.

ഐജി ദിനേന്ദ്ര കശ്യപാണ് ഇപ്പോൾ നയിക്കുന്നത്. മുഖ്യമന്ത്രിക്കു സരിത നൽകിയ ഒരു പരാതി കേന്ദ്രീകരിച്ച് അന്വേഷണമാകാമെന്ന ഉപദേശം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാരിനു നൽകിയിട്ടുണ്ട്. പുതിയ പരാതി ലഭിച്ചാൽ അതും അന്വേഷിക്കാമെന്നു പ്രത്യേക സംഘം രൂപീകരിച്ചുള്ള ഉത്തരവിലുണ്ട്. 2013 ജൂലൈ 19നു സരിത എഴുതിയതെന്നു പറയുന്ന കത്തിന്റെ അടിസ്ഥാനത്തിലാണു കമ്മിഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരെ റിപ്പോർട്ടിൽ പ്രതികൂല പരാമർശം നടത്തിയത്.

സർക്കാരാകട്ടെ, ഒരു പടി കൂടി മുന്നോട്ടുപോയി കമ്മിഷൻ പറയാത്ത കാര്യങ്ങൾ അഡ്വക്കറ്റ് ജനറൽ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരിൽ നിന്ന് ഉപദേശരൂപേണ എഴുതി വാങ്ങി അന്വേഷണം പ്രഖ്യാപിച്ചു. കത്തിൽ പരാമർശിച്ചവർക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രത്യേക സംഘം രൂപീകരിച്ച് ആഭ്യന്തര വകുപ്പ് നവംബറിൽ ഇറക്കിയ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കി.

കത്തിൽ പമാർശിച്ച വ്യക്തികൾ സരിതയും അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതു സോളർ കേസ് അട്ടിമറിക്കാൻ വേണ്ടിയാണോയെന്ന് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയിലും പ്രഖ്യാപിച്ചു. ഹൈക്കോടതി വിധിയോടെ ഇതൊന്നും ഇനി അന്വേഷിക്കേണ്ടതില്ല. പ്രോസിക്യൂഷൻ ശുപാർശ നൽകാനുള്ള അധികാരം കമ്മിഷനില്ലെന്നും കേസ് വേണോയെന്നു തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും സുപ്രീം കോടതി മുൻ ജഡ്ജി അരിജിത് പസായത്ത് ഉപദേശം നൽകിയിരുന്നു.

ഇതെത്തുടർന്നാണു പ്രത്യേക സംഘം ആറു മാസം ഒന്നും ചെയ്യാതിരുന്നത്. ക്രിമിനൽ കേസുകളി‍ൽ പ്രതിയായ ഒരാളുടെ ആധികാരികമല്ലാത്ത കത്തിന്റെ പേരിൽ അന്വേഷണം സാധ്യമല്ലെന്നായിരുന്നു രാജേഷ് ദിവാന്റെയും ദിനേന്ദ്ര കശ്യപിന്റെയും നിലപാട്. ഒന്നരമാസം മുൻപു സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതല്ലാതെ ഒരു കേസ് പോലും റജിസ്റ്റർ ചെയ്തില്ല.