നിപ്പ: വില്ലൻ വവ്വാലോ ?

പഴംതീനി വവ്വാലുകളിലാണ് (ഫ്രൂട്ട് ബാറ്റ്) നിപ്പ വൈറസ് കാണപ്പെടുന്നതെങ്കിലും പേരാമ്പ്രയിൽ കണ്ടെത്തിയവ മാംസഭോജികളായ ചെറിയ നരിച്ചീറുകളാണ് (മെഗാഡെർമ സ്പാസ്മ). ഇവയിലും വൈറസ് ബാധ എത്തിയിട്ടുണ്ടോ എന്ന സംശയമാണു വിദഗ്ധർ ഉന്നയിക്കുന്നത്. വവ്വാലുകളുടെ രക്തപരിശോധനാഫലം ലഭിച്ചാലേ സ്ഥിരീകരണമാകൂ. 

വൈറസ് ഉണ്ടെങ്കിലും വവ്വാലിന് രോഗമില്ല !

വവ്വാലുകളിലൂടെ പല കാലങ്ങളിലായി അറുപതിലേറെ വൈറസുകൾ പരന്നിട്ടുണ്ടെന്നു പല രാജ്യങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ശാരീരിക പ്രത്യേകതകളും രോഗപ്രതിരോധ ശേഷിയുംമൂലം ഇവയിൽ വൈറസുകൾ പ്രവർത്തിക്കില്ലെന്നു ബെയ്ജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ ഗവേഷകനായ ശ്രീഹരി രാമൻ ചൂണ്ടിക്കാട്ടുന്നു. ദേശാടനപ്പക്ഷികളിൽ രോഗവാഹകരുണ്ടെങ്കിലും പലപ്പോഴും അവയും ചത്തൊടുങ്ങാത്തത് ഇതേ കാരണത്താലാണ്. കേരളത്തിൽ അൻപതിലധികം തരം വവ്വാലുകളുണ്ട്. ഇവയിൽ ആറെണ്ണമാണു പഴംതീനി വവ്വാലുകൾ. ഇതിൽ മൂന്നെണ്ണം നാട്ടിൽ സർവസാധാരണമാണെന്നും ശ്രീഹരി പറഞ്ഞു.

ചെറിയ നരിച്ചീർ 

∙ മെഗാഡെർമ സ്പാസ്മ എന്നു ശാസ്ത്രനാമം. ലെസ്സർ ഫോൾസ് വാംപയർ എന്നും അറിയപ്പെടും.

∙ വലിയ നരിച്ചീറിന്റെ ചെറുപതിപ്പ്. ഇരുണ്ട ചാരനിറം. നീളൻ ചെവികൾ ചുവട്ടിൽ ചേർന്നിരിക്കുന്ന നിലയിലാണ്. വലുപ്പം  5.4 – 8.1  സെന്റിമീറ്റർ

∙ ഇന്ത്യയിൽ ഇവിടെയൊക്കെ: 

കേരളം, ഗോവ, മഹാരാഷ്ട്ര തീരങ്ങൾ, ആൻഡമാൻ ദ്വീപുകൾ. 

ഈർപ്പമുള്ള കാടുകൾ, ഗുഹകൾ, കിണറുകൾ എന്നിവിടങ്ങളിലാണു താമസം.