ശക്തമായ മഴ തുടരുന്നു; ഇന്നും നാളെയും കനക്കും

അറബിക്കടലിൽ വടക്കൻ കേരള തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമർദം.

തിരുവനന്തപുരം ∙ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കോഴിക്കോടിനും കാസർകോടിനും മധ്യേ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ മഴയുടെ ശക്തി വർധിക്കുമെന്നാണു വിലയിരുത്തൽ. കടലിലും തീരത്തും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ 30 വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.

കാലവർഷം നാളെ തുടങ്ങുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപിച്ചേക്കാം. ആൻഡമാൻ കടൽമേഖല പിന്നിട്ട കാലവർഷം കേരള തീരത്തേക്ക് അടുക്കുകയാണ്. കേരള തീരത്തെ ന്യൂനമർദം ഇതിന്റെ വേഗം വർധിപ്പിക്കാനും ഇടയുണ്ട്. ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണു മുന്നറിയിപ്പ്. ചിലയിടങ്ങളിൽ കനത്ത മഴയും ലഭിക്കും. 

ഇത്തവണ വേനലിൽ പതിവിലും 20 ശതമാനത്തിലേറെ മഴ കേരളത്തിൽ അധികമായി ലഭിച്ചുവെന്നാണു കണക്ക്. ഏപ്രിൽ ഒന്നു മുതൽ മേയ് 23 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 359 മില്ലിമീറ്റർ മഴ ലഭിച്ചു. ഈ കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ 298 മില്ലിമീറ്ററാണ്. വേനൽമഴ വ്യാപകമായതുകൊണ്ടുതന്നെ ശുദ്ധജല ദൗർലഭ്യം കാര്യമായുണ്ടായില്ല.