പി.ജെ. കുര്യനെതിരെ ഷാഫിയും ബൽറാമും; യുഡിഎഫ് കൺവീനറെ മാറ്റണമെന്നും ആവശ്യം

പാലക്കാട്∙ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി കോൺഗ്രസിന്റെ യുവ എംഎൽഎമാരായ വി.ടി. ബൽറാമും ഷാഫി പറമ്പിലും രംഗത്ത്. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത്.

കേരളത്തിലെ പാർട്ടിയിൽ അനിവാര്യമായ മാറ്റത്തിനു സമയമായെന്നു ബൽറാം പറയുന്നു. ലോക്സഭയിലേക്ക് ആറു തവണയും രാജ്യസഭയിലേക്കു മൂന്നു തവണയും അവസരം ലഭിച്ച പി.ജെ. കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കാനുള്ള ഔചിത്യം കാണിക്കണം. ഷാനിമോൾ ഉസ്മാൻ, മാത്യു കുഴൽനാടൻ, ടി. സിദ്ദീഖ്, എം.ലിജു, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരിൽ ഒരാളെ രാജ്യസഭയിലേക്കു പരിഗണിക്കണമെന്നും ഇക്കാര്യങ്ങൾ രാഹുൽഗാന്ധി അടക്കമുള്ളവരെ അറിയിക്കുമെന്നും ബൽറാം തന്റെ പോസ്റ്റിൽ പറയുന്നു.

താൻ ജനിച്ച 1983 മുതൽ രാജ്യസഭയിലേക്ക് 20 ടേമിൽ കോൺഗ്രസ് അംഗങ്ങളെ അയച്ചെങ്കിലും എല്ലാ അവസരവും ആറു പേരിലേക്കു ചുരുങ്ങിയെന്നു ഷാഫി പറമ്പിൽ എംഎൽഎയും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. അനിവാര്യരായ നേതാക്കൾ തുടരുന്നത് അംഗീകരിക്കാമെങ്കിലും എല്ലാവരും അനിവാര്യരാകുന്നത് അംഗീകരിക്കാനാവില്ല.

താൻ ഇനി മത്സരിക്കാനില്ലെന്ന് ആരുടെയും സമ്മർദമില്ലാതെ പി.ജെ. കുര്യൻ സ്വയം പ്രഖ്യാപിക്കണം. സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ ആരോഗ്യം അനുവദിക്കാത്ത യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനെ മാറ്റി മറ്റൊരാളെ ചുമതലയേൽപ്പിക്കാത്ത അലംഭാവം അംഗീകരിക്കാൻ കഴിയില്ലെന്നും ഷാഫി വ്യക്തമാക്കി.