യൂത്ത് കോൺഗ്രസിനു മൂപ്പ് കൂടി: കെഎസ്‌യു മുൻ ഭാരവാഹികൾ

കൊച്ചി ∙ യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്ക്കായുള്ള പ്രവർത്തകരുടെ മുറവിളി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിക്കു മുന്നിലെത്തിക്കാൻ തുറന്ന കത്തുമായി കെഎസ്‌യു മുൻ നേതാക്കൾ. ഏഴിനു തിരുവനന്തപുരത്തു യൂത്ത് കോൺഗ്രസ് ആസ്ഥാന മന്ദിരത്തിനു തറക്കല്ലിടുന്ന ചടങ്ങിൽ ഉദ്ഘാടകനായ ആന്റണി പങ്കെടുക്കരുതെന്ന് അഭ്യർഥിച്ചാണു നേതാക്കളുടെ തുറന്ന കത്ത്.

പി.ജെ. കുര്യനെ മാറ്റണമെന്നു പറയുന്ന യൂത്ത് കോൺഗ്രസ് ഭാരവാഹികൾ സ്വന്തം സംഘടനയിൽ പുതുതലമുറയ്ക്ക് അവസരം കൊടുക്കാതെ കടിച്ചുതൂങ്ങുകയാണെന്നു കത്തിൽ ആരോപിക്കുന്നു. കോൺഗ്രസിനോട് പുതുതലമുറ അനുഭാവം കാട്ടുന്നില്ലെന്നു വിലപിക്കുന്ന നേതാക്കൾ പോലും യൂത്ത് കോൺഗ്രസിലെയും കെഎസ്‌യുവിലെയും പ്രവർത്തകരെ നിലനിർത്താൻ ശ്രമിക്കുന്നില്ലെന്നും കോൺഗ്രസിനേക്കാൾ മോശം അവസ്ഥയിലാണു യൂത്ത് കോൺഗ്രസെന്നു യുവ എംഎൽഎമാർ മനസ്സിലാക്കണമെന്നും കത്തിൽ പറയുന്നു.

നിലവിലെ ഭാരവാഹികളിൽ 90 ശതമാനവും 40 വയസ്സ് കഴിഞ്ഞവരാണെന്നു കുറ്റപ്പെടുത്തുന്ന കത്തിൽ നിലവിലെ പ്രസിഡന്റ് ഡീൻ കുര്യാക്കോസിനും സി.ആർ. മഹേഷിനുമെതിരെ വിമർശനമുണ്ട്. യൂത്ത് കോൺഗ്രസിനു സംസ്ഥാന ഓഫിസ് നിർമിച്ചവരെന്നല്ല, ശവക്കല്ലറ പണിത നേതാക്കളെന്നാകും ഇവരെ ചരിത്രം രേഖപ്പെടുത്തുന്നതെന്നും കത്തിൽ പറയുന്നു. കെഎസ്‌യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.വൈ. ഷാജഹാൻ, സാജു ഖാൻ, സബീർ മുട്ടം, കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമാരായ ഫൈസൽ കുളപ്പാടം (കൊല്ലം), ദേവദാസ് മല്ലൻ (ആലപ്പുഴ) തുടങ്ങിയവരുടെ നേതൃത്വത്തിലാണു കത്തു തയാറാക്കിയത്.