എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി രാജ്യസഭയിലേക്ക്

എളമരം കരീം, ജോസ് കെ. മാണി. ബിനോയ് വിശ്വം

തിരുവനന്തപുരം ∙ സിപിഎമ്മിലെ എളമരം കരീമും സിപിഐയിലെ ബിനോയ് വിശ്വവും കേരള കോൺഗ്രസി(എം)ലെ ജോസ് കെ.മാണിയും എതിരില്ലാതെ രാജ്യസഭയിലേക്ക്. മൂവരും സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നാണ്. എതിരില്ലാത്തതിനാൽ മൂവരെയും തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം, പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നാളെയുണ്ടാകും. സേലം സ്വദേശി കെ.പത്മരാജൻ പത്രിക നൽകിയിട്ടുണ്ടെങ്കിലും നാമനിർദേശകരില്ലാത്തിനാൽ പരിഗണിക്കില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസി. സെക്രട്ടറി പ്രകാശ് ബാബു, എൽഡിഎഫ് കൺവീനർ  എ. വിജയരാഘവൻ, മന്ത്രിമാർ, എംഎൽഎമാരായ തോമസ് ചാണ്ടി, കോവൂർ കുഞ്ഞുമോൻ, കെ.ബി.ഗണേഷ്കുമാർ തുടങ്ങിയവർക്കൊപ്പം എത്തിയാണ് എളമരം കരീമും ബിനോയ് വിശ്വവും പത്രിക സമർപ്പിച്ചത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ എം.കെ.മുനീർ, പി.ജെ.ജോസഫ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, സി.എഫ്.തോമസ്, മോൻസ് ജോസഫ്, അൻവർ സാദത്ത് തുടങ്ങിയവർക്കൊപ്പം എത്തി ജോസ് കെ.മാണി പത്രിക നൽകി. 

കോൺഗ്രസിലെ പ്രഫ. പി.ജെ.കുര്യൻ, കേരള കോൺഗ്രസിലെ ജോയ് ഏബ്രഹാം, സിപിഎമ്മിലെ സി.പി.നാരായണൻ എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണു പകരം മൂന്നു പേർക്ക് അവസരം ലഭിച്ചത്. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു സമ്മാനിച്ചതിന്റെ പേരിൽ കോൺഗ്രസിൽ തുടരുന്ന പോര്, വോട്ടിങ് ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ജയിക്കാൻ യുഡിഎഫ് സ്ഥാനാർഥിക്കു 36 വോട്ടാണു വേണ്ടത്. കേരള കോൺഗ്രസ് കൂടി വന്നതോടെ യുഡിഎഫിന്റെ അംഗബലം 47 ആയി.