പൊതുമേഖലാ സ്ഥാപനങ്ങ‌‌‌‌‌‌‌ളിൽ ഇനി പ്രഫഷനൽ മികവുള്ള മേധാവികൾ മാത്രം

തിരുവനന്തപുരം∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്ന പതിവ് ഇനി നടക്കില്ല. പ്രഫഷനൽ മികവുള്ള മേധാവികളെ കണ്ടെത്താൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫ. സുശീൽ ഖന്നയാണു സമിതിയുടെ മേധാവി. 

ചീഫ് സെക്രട്ടറി, പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) ചെയർമാൻ, ആസൂത്രണ ബോർഡിലെ വ്യവസായമേഖലയുടെ ചുമതലയുള്ള അംഗം, ആസൂത്രണ വകുപ്പ് സെക്രട്ടറി തുടങ്ങിയവരാണു സമിതി അംഗങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ തുടങ്ങിയ തസ്തികയിലേക്കുള്ള നിയമനം ഇനി ഈ സമിതിയാണു നടത്തുക.