കർദിനാളിന്റെ പ്രാധാന്യം നഷ്ടമായി എന്ന പ്രചാരണം അടിസ്ഥാനരഹിതം: മാർ മനത്തോടത്ത്

കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി താൻ നിയമിതനായതോടെ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രാധാന്യം നഷ്ടമായി എന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം. അതിരൂപതയിലെ പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും ഇന്നലെ കുർബാനമധ്യേ വായിച്ച സർക്കുലറിലാണു വിശദീകരണം.

മാർ മനത്തോടത്തിന്റെ സർക്കുലറിൽ ഇങ്ങനെ പറയുന്നു: ‘‘അതിരൂപതയുടെ ഭരണച്ചുമതല പ്രത്യേകവിധത്തിൽ ഞാൻ നിർവഹിക്കുമ്പോഴും അഭിവന്ദ്യ ആലഞ്ചേരി പിതാവ് തന്നെയാണ് എറണാകുളം–അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത. കുർബാനയിലും മറ്റു പ്രാർഥനകളിലും തുടർന്നും അദ്ദേഹത്തിന്റെ പേര് അനുസ്മരിക്കേണ്ടതാണ്.’’

ചുമതലയേറ്റ ദിവസംതന്നെ മാർ മനത്തോടത്ത് അതിരൂപതയുടെ ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തി. പ്രൊ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി ഫാ. വർഗീസ് പൊട്ടയ്ക്കലിനെയും പ്രൊ ഫിനാൻസ് ഓഫിസറായി ഫാ. സെബാസ്റ്റ്യൻ മാണിക്കത്താനെയും പ്രൊ ചാൻസലറായി ഫാ. ജോസ് പൊള്ളയിലിനെയും നിയമിച്ചു. ഫാ. വർഗീസ് ബിജു പെരുമായനാണ് പുതിയ പ്രൊ വൈസ് ചാൻസലർ. നേരത്തേ നിശ്ചയിച്ച വിദേശപര്യടനത്തിനായി മാർ മനത്തോടത്ത് നാളെ പുറപ്പെടുകയാണ്. 10 ദിവസത്തേക്ക് അതിരൂപതയിലെ അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാൻ ഫാ. വർഗീസ് പൊട്ടക്കലിനെ ചുമതലപ്പെടുത്തിയതായും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. റോമിലെ സഭാധികാരികളുമായി കാര്യങ്ങൾ ചർച്ച ചെയ്യാനും മാർഗനിർദേശങ്ങൾ സ്വീകരിക്കാനും ഈ പര്യടനം പ്രയോജനപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നു.

അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് നേതൃത്വം നൽകണമെന്നു സിറോ മലബാർ സഭാ സിനഡ് കഴിഞ്ഞ ജനുവരിയിൽ നിർദേശിച്ചിരുന്നു. അഞ്ചു മാസം പിന്നിട്ടിട്ടും മാർ എടയന്ത്രത്തിന്റെ ദൗത്യം ഫലവത്തായില്ല എന്ന വിലയിരുത്തലിലാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. ഇതോടെ സഹായമെത്രാൻമാർക്കു പ്രത്യേകിച്ച് അധികാരങ്ങളോ ദൗത്യങ്ങളോ ഇല്ലാതായിരിക്കുകയാണ്.