ലോക കേരള സഭ: വിശദ പദ്ധതിരേഖ തയാറാക്കുന്നു

തിരുവനന്തപുരം∙ ലോക കേരള സഭയുടെ തുടർച്ചയായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 45 ദിവസത്തിനുള്ളിൽ വിശദമായ പദ്ധതിരൂപരേഖ തയാറാക്കും. നിർദേശങ്ങൾ വിലയിരുത്തി നടപ്പാക്കാൻ ലോക കേരളസഭ സെക്രട്ടേറിയറ്റിനു ഉടൻ രൂപം നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ ആദ്യയോഗത്തിലാണു തീരുമാനം.

ഡോ. രവി പിള്ള (പ്രവാസി സഹായത്തോടെയുള്ള വികസനം), എം.എ.യൂസഫലി (പ്രവാസി നിക്ഷേപം), ഡോ. ആസാദ് മൂപ്പൻ (പ്രവാസി പുനരധിവാസം), സി.വി.റപ്പായി (കുടിയേറ്റം), സുനിത കൃഷ്‌ണൻ (പ്രവാസി വനിതാക്ഷേമം), കെ.സച്ചിദാനന്ദൻ (സാംസ്കാരികം), ബെന്യാമിൻ (ഇതരസംസ്ഥാനങ്ങളിലെ പ്രവാസി ക്ഷേമം) എന്നിവരുടെ നേതൃത്വത്തിലാണു കമ്മിറ്റികൾ.

പ്രമുഖർ ഉൾപ്പെടെ 98 പേർ ഈ സമിതികളിൽ അംഗങ്ങളാണ്. ഇവരെക്കൂടി പങ്കെടുപ്പിച്ചുള്ള ചർച്ചകളിലൂടെ പദ്ധതികൾക്കു രൂപം നൽകാനാണു മുഖ്യമന്ത്രി നിർദേശിച്ചത്. ചില സമിതികൾ ഇതിനകം തന്നെ യോഗങ്ങൾ ചേർന്നതായി അധ്യക്ഷന്മാർ അറിയിച്ചു. നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.