ജിഎസ്ടി: റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി; പിഴ പ്രതിമാസം 5000 രൂപ വരെ

കൊല്ലം ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) റജിസ്ട്രേഷൻ നടത്തിയിട്ടും സമയത്തിനു റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾക്കു കേന്ദ്ര ജിഎസ്ടി വകുപ്പ് ഒരുങ്ങുന്നു. കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന നാൽപതിനായിരത്തോളം സ്ഥാപനങ്ങളിൽ 60–65% മാത്രമേ കണക്കു സമർപ്പിച്ചിട്ടുള്ളൂ. വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. റിട്ടേൺ ഫയൽ ചെയ്യാത്ത സ്ഥാപനങ്ങളിൽ ഡയറക്ടർ ജനറൽ ഓഫ് സർവീസ് ടാക്സ്, എക്സൈസ് ഇൻവെസ്റ്റിഗേഷൻ (ഡിജിഎസ്ടിഐ) വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കും. ഇത്തരം സ്ഥാപനങ്ങൾക്കു ദിവസേനയാണു പിഴ കണക്കാക്കുന്നത്. ഇതു പ്രതിമാസം പരമാവധി 5000 രൂപയാണ്.

ജിഎസ്ടി നിലവിൽവന്ന 2017 ജൂലൈയിൽ സംസ്ഥാനത്തെ സ്ഥാപനങ്ങളിൽ 36,722 എണ്ണം കേന്ദ്ര ജിഎസ്ടി വകുപ്പിന്റെയും 1,86,055 എണ്ണം സംസ്ഥാന ജിഎസ്ടി വകുപ്പിന്റെയും പരിധിയിലായി. ഇതിനുശേഷം റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളെ കംപ്യൂട്ടർ അധിഷ്ഠിത തിരഞ്ഞെടുപ്പു വഴി വീതിച്ചെടുത്തു. റിട്ടേൺ ഫയൽ ചെയ്യുന്നതിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം ആദ്യമാസങ്ങളിൽ പരിശോധനയ്ക്കു തുനിയേണ്ടെന്ന നിർദേശമാണ് കേന്ദ്ര ജിഎസ്ടി വകുപ്പിനു ലഭിച്ചത്.

ഇതിനിടെ, ഇൻപുട് ടാക്സ് ക്രെഡിറ്റ് (ഐടിസി) റീഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാനും ശ്രമം തുടങ്ങി. സംസ്ഥാനത്തു ജൂൺ വരെയുള്ള ഐടിസി റീഫണ്ട് നൽകിയതായി അധികൃതർ പറയുന്നു. റീഫണ്ട് നൽകാൻ 60 ദിവസത്തെ സാവകാശമുണ്ടെങ്കിലും ഈ ഇടവേള കുറച്ച് പരാതികൾ ഒഴിവാക്കാനാണു ശ്രമം. തിരുവനന്തപുരത്ത് നാലിനു ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര, സംസ്ഥാന ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർമാരുടെ യോഗത്തിൽ റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങളുടെ കാര്യങ്ങളും ചർച്ചയ്ക്കു വന്നേക്കും.