ജലന്ധർ ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കർദിനാൾ ആലഞ്ചേരി

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി ∙ ജലന്ധർ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. മേജർ ആർച്ച് ബിഷപ്പിന്റെ ഓഫിസിൽ രേഖകൾ പരിശോധിച്ചതിൽ ഇത്തരത്തിലൊരു പരാതി കാണുന്നില്ല.

ഏതാനും മാസങ്ങൾക്കു മുൻപു ജലന്ധർ രൂപതയിൽ പ്രവർത്തിക്കുന്ന ഒരു കന്യാസ്ത്രീ നേരിൽ കാണുകയും അവരുടെ സന്യാസസമൂഹത്തിൽ നടന്ന ചില നിയമനങ്ങളും സ്ഥലംമാറ്റങ്ങളും സംബന്ധിച്ചും തന്മൂലം അവർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിച്ചിരുന്നു. ഇൗ സന്യാസസമൂഹം ലത്തീൻ സഭയുടെ കീഴിലുള്ള ജലന്ധർ രൂപതയിലായതിനാൽ തനിക്കു വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്നും വേണമെങ്കിൽ അവർക്കു ലത്തീൻ സഭാനേതൃത്വത്തെ സമീപിച്ചു പ്രശ്‌നപരിഹാരം തേടാമെന്നും പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു.

കഴിഞ്ഞ വർഷം നവംബർ 23നു ജലന്തർ രൂപതയിൽ പ്രവർത്തിക്കുന്ന ഒരു കന്യാസ്ത്രീയുടെ പിതാവു തന്റെ മകളായ കന്യാസ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു മേജർ ആർച്ച് ബിഷപ്പിന് ഒരു കത്ത് നൽകിയിരുന്നു. ആ പരാതിയിലും അനുബന്ധ രേഖകളിലും ലൈംഗിക പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഇടപെടാൻ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന് അധികാരമില്ലാത്തതിനാൽ നടപടിയെടുത്തില്ല. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡനം ആരോപിച്ച് ഒരു കന്യാസ്ത്രീയും പരാതി നൽകിയിട്ടില്ലെന്നും ജലന്ധർ രൂപതയുടെയോ അവിടത്തെ മെത്രാന്റെയോ മേൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന് ഒരു തരത്തിലുള്ള അധികാരവും ഇല്ലെന്നും കർദിനാൾ അറിയിച്ചു.