പാർലമെന്ററി രാഷ്ട്രീയത്തിൽ താൽപര്യമില്ല: വി.എം.സുധീരൻ

70–ാം പിറന്നാളാഘോഷിക്കാൻ തൃശൂർ കാളത്തോട് തണൽ അഗതിമന്ദിരത്തിലെത്തിയ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ചിത്രം: ഫഹദ് മുനീർ.

തൃശൂർ ∙ സപ്തതി നിറവിൽ തങ്ങളോടൊപ്പം സദ്യയുണ്ണാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനു ‘തണൽ’ അന്തേവാസികളുടെ സ്നേഹാദരം. കമാനങ്ങളും ഫ്ലെക്സുകളും നെടുനീളൻ ആഘോഷ യോഗങ്ങളും ഒഴിവാക്കി കാളത്തോട് ‘തണൽ’ അഗതി മന്ദിരത്തിലായിരുന്നു സുധീരന്റെ എഴുപതാം പിറന്നാൾ ആഘോഷം.

തിങ്കളാഴ്ച ഒരുമണിയോടെ തണൽ മന്ദിരത്തിലേക്കെത്തിയ അദ്ദേഹത്തെ കുട്ടികൾ പൂക്കളുമായി ‘ഹാപ്പി ബർത്ത് ഡേ’ പാടി സ്വീകരിച്ചു. തുടർന്ന് അന്തേവാസികളെയും രോഗികളെയും സന്ദർശിച്ചു. തുടർന്ന് അന്തേവാസികൾക്ക് ചോറു വിളമ്പിക്കൊടുത്ത ശേഷമായിരുന്നു സുധീരൻ പിറന്നാൾ സദ്യയുണ്ടത്. പാർലമെന്ററി രാഷ്ട്രീയത്തിൽ ഇനി താൽപര്യമില്ലെന്നും ശേഷിച്ച ജീവിതം പാവങ്ങൾക്കും സാധാരണക്കാർക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ലത, മക്കളായ സരിനും സലിലയും മരുമകൻ സായ് പ്രസാദ്, കൊച്ചുമകൻ ശ്രീനന്ദ്, ജ്യേഷ്ഠൻ ഡോ. വി.എം.മനോഹരൻ എന്നിവർ ഒപ്പമിരുന്നു. ഒന്നര മണിക്കൂറോളം തണലിൽ ചെലവിട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്.