വീസ, ഇമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാക്കാൻ ശ്രമം: രാജ്നാഥ് സിങ്

കൊച്ചിയിൽ നടന്ന പാർലമെന്ററി കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗം.

കൊച്ചി ∙ വീസ, ഇമിഗ്രേഷൻ നടപടികൾ ശക്തിപ്പെടുത്തുന്നതിനും എളുപ്പമാക്കുന്നതിനുമാണു കേന്ദ്രം മുൻഗണന നൽകുന്നതെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ഇതുമായി ബന്ധപ്പെട്ട പാർലമെന്ററി കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം രാജ്യത്തുള്ള വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇമിഗ്രേഷൻ, വീസ ആൻഡ് ഫോറിനേഴ്‌സ് റജിസ്‌ട്രേഷൻ ആൻഡ് ട്രാക്കിങ് (ഐവിഎഫ്ആർടി) സംബന്ധിച്ച പാർലമെന്ററി കൺസൾറ്റേറ്റീവ് കമ്മിറ്റി യോഗത്തിനായി എറണാകുളം ഗെസ്റ്റ് ഹൗസിൽ എത്തിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സ്വീകരിക്കുന്നു.

ഇ വീസ സൗകര്യത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം അഞ്ചു വരെ 11,16,985 ഇ വീസകളാണ് അനുവദിച്ചത്. 2015ൽ ഇവ 5,17,417 ആയിരുന്നു. ഇന്ത്യയിൽ ചികിൽസ തേടുന്നവർക്കായി ഇ മെഡിക്കൽ അറ്റന്റഡന്റ് വീസ, സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വരുന്നവർക്കു ഇ കോൺഫറൻസ് വീസ എന്നിവയും പരിഗണനയിലുണ്ട്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ പ്രധാന വിമാനത്താവളങ്ങളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും. ഇമിഗ്രേഷൻ നടപടി വേഗത്തിലാക്കുന്ന ഇമിഗ്രേഷൻ, വീസ ആൻഡ് ഫോറിനേഴ്‌സ് റജിസ്‌ട്രേഷൻ ആൻഡ് ട്രാക്കിങ് (ഐവിഎഫ്ആർടി) പദ്ധതി കൂടുതൽ എംബസികളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കേന്ദ്രമന്ത്രി ഹൻസ്‌രാജ് ഗംഗാറാം ആഹിർ, എംപിമാരായ ഭഗീരഥ് പ്രസാദ്, ഗീത കോതപ്പള്ളി, ഹരിശ്ചന്ദ്ര ഡി. ചവാൻ, ഡോ. തോക്‌ചോം മെയിന്യ, ഡോ.കെ.കേശവറാവു, റാണി നാരഹ്, എസ്. മുത്തുക്കറുപ്പൻ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ആഭ്യന്തര വകുപ്പിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ, കലക്ടർ മുഹമ്മദ് സഫിറുല്ല, ഐജി വിജയ് സാഖറേ എന്നിവരും പങ്കെടുത്തു.