കാണാതായ ദിവസം ജെസ്നയും സുഹൃത്തും ഫോണിൽ സംസാരിച്ചത് 10 മിനിറ്റ്

പത്തനംതിട്ട ∙ വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ദിവസം രാവിലെ ജെസ്നയുടെ ഫോണിൽ ആൺ സുഹൃത്ത് വിളിക്കുകയും 10 മിനിറ്റ്   സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസിന് വിവരം. സൈബർ സെല്ലിന്റെ പരിശോധനയിലാണ് ഇൗ തെളിവുകൾ ലഭിച്ചത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ് പൊലീസ്.

ഇതേ സമയം ജെസ്നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മാർച്ച് 22 മുതൽ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരം ശേഖരിക്കുന്നു. ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെ മേയ് അഞ്ചിന് വിമാനത്താവളത്തിൽ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിൽ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങൾ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തിൽ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ലെന്നാണ് അറിയിച്ചത്.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷൻ രേഖകളും പരിശോധിക്കാൻ പൊലീസിനായില്ല. സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെട്ട് ഇതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാൽ മാത്രമേ രേഖകളും ദൃശ്യങ്ങളും പരിശോധിക്കാനാകൂ. എസ്ഐ ദിനേശ്കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് ബെംഗളൂരുവിൽ അന്വേഷണത്തിനെത്തിയത്.