അഭിമന്യു വധം: ഇതുവരെ 13 അറസ്റ്റ്

അഭിമന്യു

കൊച്ചി∙ അഭിമന്യു കൊലക്കേസിൽ ഇതുവരെ അറസ്റ്റിലായത് 13 പ്രതികൾ. ഇന്നലെ പിടിയിലായ മുഹമ്മദ്, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ്.ആദിൽ, കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ ബിലാൽ സജി, പത്തനംതിട്ട കോട്ടാങ്ങൽ നരകത്തിനംകുഴി ഫറൂഖ് അമാനി, പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ എന്നിവർ കൊലപാതകത്തിലേക്കു നയിച്ച സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. കൊലയാളി സംഘത്തെ ക്യാംപസിലെത്തിക്കുന്നതിന്റെ ഏകോപനം നിർവഹിച്ചത് ആദിലാണെന്നും പൊലീസ് വിശദീകരിക്കുന്നു.

അറസ്റ്റിലായ തോപ്പുംപടി കളത്തിങ്കൽ നിസാർ, പാലാരിവട്ടം വെണ്ണല സ്വദേശി അനൂബ്, നെട്ടൂർ നങ്ങ്യാരത്തുപറമ്പ് വീട്ടിൽ സെയ്ഫുദ്ദീൻ, തോപ്പുംപടി സ്വദേശികളായ നവാസ്, ജിഫ്രി, അനസ്, ഓട്ടോ ഡ്രൈവർ മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പിൽ നജീബ് , തലശ്ശേരി സ്വദേശി ഷാജഹാൻ എന്നിവർ കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണെന്നു പൊലീസ് അറിയിച്ചു. നിസാറിന്റെ കാറിലാണ് ഒരു സംഘം പ്രതികൾ രക്ഷപ്പെട്ടത്. പ്രതികളുടെ വാഹനങ്ങൾ മഹാരാജാസ് കോളജ് പരിസരത്തുനിന്നു മാറ്റിയത് സെയ്ഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. ആദിലിന്റെ സഹോദരനും ക്യാംപസ് ഫ്രണ്ട് നേതാവുമായ ആരിഫും കൊലയാളി സംഘത്തെ കോളജിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഇയാളെ തിരയുകയാണെന്നും പൊലീസ് അറിയിച്ചു.