അഭിമന്യു വധം: പരിശോധിച്ചത് 5 ലക്ഷം മൊബൈൽ വിളികൾ

അഭിമന്യു

കൊച്ചി ∙ മുഖ്യപ്രതി മുഹമ്മദിനെ വലയിലാക്കാനുള്ള അന്വേഷണത്തിനായി പൊലീസ് പരിശോധിച്ചത് അഞ്ചു ലക്ഷത്തോളം മൊബൈൽ ഫോൺ വിളികൾ. കൃത്യമായ ആസൂത്രണത്തിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിയിടങ്ങൾ ഒരുക്കിയതു കാരണം പ്രതികളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പല പ്രതികളും പരസ്പരം പരിചയമില്ലാത്തവരുമാണെന്നതും അന്വേഷണ സംഘത്തിനു വെല്ലുവിളിയായി. അസി. കമ്മിഷണർമാരായ കെ.ലാൽജി, എസ്.ടി.സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് 60 അംഗ അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. ആറുവീതം സിഐമാരും എസ്ഐമാരും 46 പൊലീസുകാരും സംഘത്തിലുണ്ട്. എട്ടു ഗ്രൂപ്പുകളായാണ് അന്വേഷണം. ഇവർക്കു പുറമെ സൈബർ സെല്ലും അന്വേഷണത്തെ സഹായിച്ചു.