അഭിമന്യു വധം: കണ്ണൂർ സ്വദേശിയെ പൊലീസ് തിരയുന്നു; കുത്തിയത് നെട്ടൂർ സ്വദേശിയെന്നു നിഗമനം

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തോടൊപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് റിഫിനെ പൊലീസ് തിരയുന്നു. ജില്ലയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാർഥിയാണു റിഫ്. ഇന്നലെ അറസ്റ്റിലായ ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശി ജെ.ഐ. മുഹമ്മദ് (21), കണ്ണൂർ തലശേരി സ്വദേശി ഷാജഹാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിൽ മുഹമ്മദ് റിഫിനുള്ള പങ്കു വെളിച്ചത്തു വന്നത്.

അഭിമന്യുവിനെ കുത്തിയതു നെട്ടൂർ സ്വദേശിയാണെന്ന നിഗമനത്തിലാണു പൊലീസ്. അറസ്റ്റിലായ മുഹമ്മദിന്റെ മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. കൊലപാതകികൾക്ക് അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതും മുഹമ്മദാണെന്നു പൊലീസ് പറഞ്ഞു. കൊലയാളി സംഘത്തിലെ എട്ടു പേരിൽ നാലുപേർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.

പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിനാണു ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഇതേസമയം മുഖ്യപ്രതി ജെ.ഐ. മുഹമ്മദിനെ അറസ്റ്റ് ചെയ്ത സ്ഥലം സംബന്ധിച്ച അവ്യക്തത തുടരുന്നു. പിടിയിലായ ദിവസം കർണാടക അതിർത്തിയിലാണ് അറസ്റ്റെന്നു വിശദീകരിച്ച പൊലീസ്, അറസ്റ്റ് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്താണെന്നു കോടതിയിൽ ബോധിപ്പിച്ചു.

അറസ്റ്റിലായ പ്രതികളിൽ മഹാരാജാസ് കോളജ് വിദ്യാർഥി മുഹമ്മദിനെ മാത്രമാണു സംഭവത്തിനു ദൃക്സാക്ഷികളായ വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. മറ്റുള്ളവർ പുറത്തു നിന്നുള്ളവരായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ അടുത്ത ദിവസം സമർപ്പിക്കുമെന്നു പൊലീസ് പറഞ്ഞു.