ജിഷ്ണു പ്രണോയിയുടെ മരണം: സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി

നാദാപുരം(കോഴിക്കോട്)∙ പാമ്പാടി നെഹ്റു കോളജ് എൻജിനീയറിങ് വിദ്യാർഥി വളയം സ്വദേശി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. റെസ്റ്റ് ഹൗസിൽ ക്യാംപ് ഹൗസ് സജ്ജമാക്കിയാണ് തെളിവെടുപ്പ്. വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ജിഷ്ണുവിന്റെ അച്ഛൻ അശോകൻ, അമ്മ മഹിജ, മഹിജയുടെ പിതൃസഹോദരൻ ബാലൻ എന്നിവരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു.

നാദാപുരത്ത് ജിഷ്ണുവുമായി ബന്ധമുള്ള മഹേഷ്, ഷൈജു, രമേശൻ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തി. ഇന്നും ചിലരുടെ മൊഴി രേഖപ്പെടുത്തും. ജിഷ്ണുവിന്റെ സഹപാഠികളുൾപ്പെടെയുള്ളവരെയും ഉദ്യോഗസ്ഥർ കാണും. ആത്മഹത്യക്കുറിപ്പ് എന്ന പേരിൽ കണ്ടെത്തിയ കത്ത് കോളജ് അധികൃതർ വ്യാജമായുണ്ടാക്കിയതാണെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞു.

അമ്മ മഹിജ, അച്ഛൻ അശോകൻ, അമ്മാവൻ കെ.കെ. ശ്രീജിത്ത് എന്നിവരുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയതിനു പുറമെയാണ് വീണ്ടും മൊഴിയെടുത്തത്. 2017 ജനുവരിയിലാണ് ജിഷ്ണു കോളജ് ഹോസ്റ്റലിൽ മരിച്ചത്. മർദനം മൂലം മരിച്ചതാണെന്നാണ് വീട്ടുകാരുടെ പരാതി. എന്നാൽ, കുളിമുറിയിൽ ആത്മഹത്യ ചെയ്തെന്നാണ് കോളജ് അധികൃതരുടെ നിലപാട്.