‘പരിവാറി’ നെതിരെ കൃത്യമായി പറഞ്ഞ് തരൂരിന്റെ ആരോഹണം; ഒപ്പംനിന്ന് കോൺഗ്രസ്, വീണ്ടുവിചാരത്തിൽ ബിജെപി

തിരുവനന്തപുരം∙ ബിജെപിയെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസ് മതിയാകില്ലെന്ന കേരളത്തിലെ സിപിഎമ്മിന്റെ പരിഹാസത്തിനു ശശിതരൂർ മറുപടിയാകുന്നു. തരൂരിനെ ബിജെപിയും യുവമോർച്ചയും ആക്രമിച്ചപ്പോൾ അതിനെതിരെ രംഗത്തുവരേണ്ട ബാധ്യത സിപിഎമ്മിനും വന്നിരിക്കുന്നു. തരൂരിന്റെ താരവളർച്ചയ്ക്കു തങ്ങൾ തന്നെ വഴിയൊരുക്കിയെന്ന വീണ്ടുവിചാരത്തിലായി ഇതോടെ ബിജെപിയും.

യുവമോർച്ച പ്രവർത്തകർ തരൂരിന്റെ ഓഫിസ് ആക്രമിച്ചതിനെതിരെ കഴിഞ്ഞ ദിവസം പ്രതികരിച്ചതു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ബിജെപിക്കെതിരെ രംഗത്തിറങ്ങാൻ കോൺഗ്രസിനു ധൈര്യമില്ലെന്ന് അദ്ദേഹം പരിഹസിച്ചതും ബോധപൂർവം തന്നെ.

കേരളത്തിലെ കോൺഗ്രസ് നേതൃത്വമാകെ തരൂരിനു പിന്നിൽ അണിനിരന്നത് അറിയാഞ്ഞിട്ടല്ല. ഇതു രാഷ്ട്രീയമായി കോൺഗ്രസിനു ഗുണം ചെയ്യരുതെന്ന കരുതലാണു കോടിയേരിയുടെ പ്രസ്താവനയ്ക്കു പിന്നിൽ. മൃദുഹിന്ദുത്വ സമീപനമാണു കോൺഗ്രസിനെന്നും അതിനാൽ സംഘപരിവാറിനെ പ്രതിരോധിക്കാൻ തങ്ങൾക്കേ സാധിക്കൂവെന്നുമാണു സിപിഎമ്മിന്റെ അവകാശവാദം. അതിലാണു തരൂർ വിള്ളൽ വീഴ്ത്തുന്നത്.

വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന പൊളിച്ചെഴുതി ഇന്ത്യയെ അവർ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കുമെന്ന തരൂരിന്റെ പ്രസ്താവന ഇന്നു രാജ്യമാകെ ചർച്ചയാണ്. കുറിക്കു കൊള്ളുന്ന തരത്തിൽ ബിജെപി അജൻഡ പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്ന വിശ്വാസം അവരെ എതിർക്കുന്ന എല്ലാ വിഭാഗങ്ങളും പങ്കുവയ്ക്കുന്നു. പ്രസ്താവനയുടെ രാഷ്ട്രീയ ലാക്ക് മനസ്സിലാക്കാതെ എഐസിസി വക്താവ് രൺദീപ്സിങ് സുർജോവാല തിരുത്താൻ ശ്രമിച്ചെങ്കിലും തരൂർ ഉറച്ചുനിന്നു. അതോടെ ദേശീയ വക്താവിനെത്തന്നെ തള്ളി സംസ്ഥാന കോൺഗ്രസാകെ തരൂരിനൊപ്പം നിന്നു.

ഇതിനിടയിലാണു യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ തലസ്ഥാനത്തെ ഓഫിസിൽ കരി ഓയിൽ ഒഴിച്ച് അന്തരീക്ഷം കൂടുതൽ ചൂടുപിടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സ്ഥലത്തെത്തി തരൂരിനോട് ഐക്യദാർഢ്യം വ്യക്തമാക്കി. ലോക്സഭയിൽ തരൂർ തന്നെ പ്രതിഷേധം അറിയിച്ചതോടെ ദേശീയതലത്തിൽ ബിജെപി പ്രതിരോധത്തിലായി. സംഭവത്തിലുള്ള പാർട്ടിയുടെ പങ്ക് മന്ത്രി അനന്ത്കുമാറിനു നിഷേധിക്കേണ്ടി വന്നു.

കേരളത്തിലെ യുവമോർച്ചയോ ബിജെപിയോ നിഷേധിക്കാതിരിക്കെയാണു കേന്ദ്രമന്ത്രിയുടെ ഭിന്നസ്വരം. ‘വൈ അയാം എ ഹിന്ദു’ എന്ന തന്റെ പുസ്തകം പുറത്തിറക്കിയതിനു പിന്നാലെയാണു പരിവാറിന്റെ ആശയലക്ഷ്യങ്ങളെ അതേ നാണയത്തിൽ തുറന്നു കാണിക്കാൻ താൻ സജ്ജനാണെന്നു രാഷ്ട്രീയലോകത്തോടും തരൂർ വിളിച്ചുപറഞ്ഞത്. നെറ്റിയിൽ കുറിയണിഞ്ഞു തങ്ങളെ തരൂർ വെല്ലുവിളിക്കുന്നതിന്റെ രാഷ്ട്രീയം പരിവാറിനും ബോധ്യമുണ്ട്.

കഴിഞ്ഞ ദിവസം തലസ്ഥാനത്തു നടന്ന യുഡിഎഫ് ധർണയിലും മറ്റാരുമായിരുന്നില്ല താരം. കോൺഗ്രസ് നേതൃത്വത്തിന് ഇടയ്ക്കിടെ തലവേദന സമ്മാനിക്കുന്ന യുവ എംഎൽഎമാരുടെ സംഘവും തരൂരിനൊപ്പം സെൽഫിക്കായി മത്സരിച്ചു. കൂടുതൽ വേദികളിൽ അദ്ദേഹത്തെ എത്തിച്ചു തരൂരിന്റെ പുതിയ പ്രതിച്ഛായ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണു കോൺഗ്രസ്.

ആക്രമണത്തെ യുവമോർച്ച തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും ബിജെപിയിലെ വലിയ വിഭാഗം അതിൽ അതൃപ്തരാണ്. തിരുവനന്തപുരം നഗരത്തിൽ എംപിയുടെ ഓഫിസിനു നേരെ കരിഓയിൽ പ്രയോഗം നടത്തുന്നതു പാർട്ടിയുടെ സാധ്യതകളെ പിന്നോട്ടടിക്കില്ലേ എന്നാണ് അവരുടെ ശങ്ക. ചോദിക്കാനും പറയാനും പാർട്ടിക്കു പ്രസിഡന്റില്ലാത്തതിന്റെ പ്രശ്നവും ഇതുമായി ബിജെപി നേതാക്കൾ തന്നെ ചേ‍ർത്തുവയ്ക്കുന്നു.