ജെസ്ന തിരോധാനം: നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് ഹൈക്കോടതിയിൽ

കൊച്ചി ∙ പത്തനംതിട്ടയിൽ നിന്നു ജെസ്‌ന മരിയയെ കാണാതായ സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പരസ്യപ്പെടുത്താനാവില്ലെന്നു പറഞ്ഞ് അന്വേഷണ വിവരങ്ങൾ കോടതിക്കു കൈമാറി. കേസന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. 

ഈ കേസിലെ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ടു വിവരാവകാശ നിയമപ്രകാരം അന്വേഷണങ്ങൾ എത്തുന്നുണ്ടെന്നു പ്രോസിക്യൂട്ടർ അറിയിച്ചു. വിവരാവകാശ അന്വേഷണങ്ങളുടെ കാരണവും താൽപര്യവും പരിശോധിക്കാവുന്നതാണെന്നു കോടതി പറഞ്ഞു.

ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജയിംസും കെഎസ്‍‌യു പ്രസിഡന്റ് കെ.എം. അഭിജിത്തും സമർപ്പിച്ച സിബിഐ അന്വേഷണ ഹർജിയാണു ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചത്. 2018 മാർച്ച് 22–നാണ് ജെസ്നയെ കാണാതായത്. പ്രത്യേക സംഘം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്നും വൈകുന്നതു കേസിനെ ബാധിക്കുമെന്നും ആരോപിച്ചാണു ഹർജി. അടുത്ത രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.  

ഫോൺവിളി വിശദമായി പരിശോധിക്കുന്നു

റാന്നി ∙ ജെസ്നയെ കാണാതായതിനു മുൻപും പിൻപുമുള്ള ഫോൺ കോളുകൾ സൈബർ വിദഗ്ധർ വിശദമായി പരിശോധിച്ചു തുടങ്ങി. ജെസ്ന ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ചിരുന്നോയെന്നും ആരെയൊക്കെ ബന്ധപ്പെട്ടിരുന്നെന്നും അറിയാനാണു പരിശോധന. കാഞ്ഞിരപ്പള്ളി കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചിരുന്നു. അവയിൽ നിന്ന് ഏതാനും നമ്പരുകൾ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കുകയാണ്. സംശയമുള്ള നമ്പരുകളുമായി ബന്ധപ്പെട്ടാണു പരിശോധന.

ജെസ്നയെ കാണാതാകുന്നതിനു മുൻപുള്ള രണ്ടാഴ്ച പലരെയും ബന്ധപ്പെട്ടിരിക്കാമെന്നാണു പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപുള്ള കോളുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. അവയാണു വിശദമായി പരിശോധിക്കുന്നത്. രണ്ടായിരത്തോളം നമ്പരുകൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജെസ്ന ബന്ധപ്പെട്ടിരുന്നവരുടെ നമ്പരുകൾ പിന്നീട് പ്രവർത്തിക്കാതെയായോയെന്നും നോക്കുന്നുണ്ട്. ഇത്തരത്തിലുള്ള നമ്പരുകൾ കണ്ടെത്തി അതിന്റെ ഉടമയെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.

മാർച്ച് 22ന് ആണ് ജെസ്നയെ കാണാതായത്. ജെസ്നയിലേക്കെത്താൻ പ്രത്യേക അന്വേഷണ സംഘം ആവതു ശ്രമിക്കുന്നുണ്ടെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല. മുണ്ടക്കയത്തെ സിസിടിവിയിൽ കണ്ട ദൃശ്യം ജെസ്നയുടേതു തന്നെയെന്ന സംശയത്തിലാണ് പൊലീസ്. മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിച്ചിട്ടും അതു താനാണെന്ന് അവകാശപ്പെട്ട് ആരും എത്താത്തതാണു സംശയം ബലപ്പെടുത്തുന്നത്.