ഫോർമലിൻ കലർന്ന ആറു ടൺ മത്സ്യം പിടികൂടി നശിപ്പിച്ചു

കോഴിക്കോട് വടകരയ്ക്കു സമീപം കോട്ടക്കടവിനടുത്ത് മോട്ടോർ വാഹന വകുപ്പ് പിടികൂടിയ ഫോർമലിൻ കലർത്തിയ ആറു ടൺ മീൻ കുഴിച്ചുമൂടുന്നു. ചിത്രം: മനോരമ

വടകര (കോഴിക്കോട്) ∙ നിർത്തിയിട്ട ലോറിയിൽനിന്നു ഫോർമലിൻ അടങ്ങിയ ആറു ടൺ മത്സ്യം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്നലെ രാവിലെ ദേശീയപാതയിൽ കോട്ടക്കടവിനു സമീപം അപകടകരമായ രീതിയിൽ നിർത്തിയിട്ട ലോറി പരിശോധിച്ചപ്പോഴാണ് 130 പെട്ടികളിലാക്കി സൂക്ഷിച്ച മത്സ്യം പിടിച്ചെടുത്തത്.

യാത്രക്കിടെ ബ്രേക്ക് തകരാറിലായി നിർത്തിയിട്ട ലോറിയിൽനിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നായിരുന്നു പരിശോധന. തമിഴ്നാട് നാഗപട്ടണത്തെ പാഴാർ തീരത്തുനിന്ന് 18നു വൈകിട്ടാണ് കണ്ണി അയല എന്ന മീനുമായി ലോറി പുറപ്പെട്ടത്. കണ്ണൂരിലും ചോമ്പാലിലും കൊണ്ടുപോയെങ്കിലും മൊത്തവിതരണക്കാർ വാങ്ങാത്തതുകൊണ്ടു കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു. നാലുപെട്ടി മുള്ളൻ വടകരയിൽ വിറ്റ ശേഷം ബാക്കി 130 പെട്ടി അയലയാണ് ഉണ്ടായിരുന്നത്. ഇവ റോ‍ഡരികിൽ കുഴിച്ചുമൂടി.

ലോറി ഉടമയായ വടക്കാഞ്ചേരി സ്വദേശിക്കെതിരെയും മത്സ്യ കച്ചവടക്കാരനായ തമിഴ്നാട് സ്വദേശിക്കുമെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും കേസെടുക്കും. എംവിഐമാരായ വി.ഐ. അസീം, എ.ആർ.രാകേഷ്, അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഫോർമലിൻ കലർന്നതാണെന്നു സ്ഥിരീകരിച്ചത്.