കഥാകൃത്ത് ഹരീഷിനെതിരെ വധഭീഷണി: യുവാവ് അറസ്റ്റിൽ

കഥാകൃത്ത് എസ്.ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ കേസിൽ അറസ്റ്റിലായ സുരേഷ് ബാബു

ഏറ്റുമാനൂർ∙ കഥാകൃത്ത് എസ്.ഹരീഷിനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ പെരുമ്പാവൂർ ഇരിങ്ങോൾ മനയ്ക്കപ്പടി വടക്കേ പാറക്കാട്ടിൽ സുരേഷ് ബാബുവിനെ (38) പൊലീസ് അറസ്റ്റു ചെയ്തു. തന്റെ 'മീശ' എന്ന നോവലിലെ പരാമർശങ്ങളെ തുടർന്ന് വധഭീഷണി മുഴക്കിയെന്നാണ് എസ്.ഹരീഷ് പരാതി നൽകിയത്.

ഇന്നലെ വൈകുന്നേരം ഫോണിലൂടെയായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ആളുടെ മൊബൈൽ നമ്പർ ലഭിച്ച പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിലാസം കണ്ടെത്തി. തുടർന്ന് പെരുമ്പാവൂർ പൊലീസാണ് സുരേഷിനെ അറസ്റ്റു ചെയ്തത്. പ്രതിയെ ഏറ്റുമാനൂർ പൊലീസിന് കൈമാറുമെന്ന് പെരുമ്പാവൂർ എസ്ഐ പി.എ.ഫൈസൽ അറിയിച്ചു. സുരേഷ് ബിജെപി പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു.