ടിപി കേസ് പ്രതികളുടെ പരോൾ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആർഎംപി

വടകര ∙ ടിപി കേസ് പ്രതികൾക്കു ചട്ടവിരുദ്ധ പരോളും ജയിലിൽ വിഐപി പരിഗണനയും നൽകുന്നതിനെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു. ഇവർക്ക് ഇടയ്ക്കിടെ പരോളും സുഖ ചികിത്സയും നൽകുന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രത്യേക താൽപര്യ പ്രകാരമാണ്. ഇതിനെതിരെ ആർഎംപി കോടതിയെ സമീപിക്കും.

അടിയന്തര പരോളിൽ ഇറങ്ങിയ കുഞ്ഞനന്തൻ സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്ത വാർത്ത തെളിവുസഹിതം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ ഈ സർക്കാർ കൊലയാളികൾക്കൊപ്പമാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോടതി ശിക്ഷിച്ച ടിപി കേസ് പ്രതികൾക്കു മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം ലഭിക്കുന്നതു ജുഡീഷ്യറിയോടുള്ള വെല്ലുവിളികൂടിയാണ്. ടിപി വധത്തിൽ കുറെ സിപിഎം നേതാക്കൾക്കു പങ്കുള്ളതു കൊണ്ടാണു പ്രതികളെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഗവർണറോട് ആവശ്യപ്പെട്ടതെന്നും പ്രതികൾക്കു നൽകുന്ന സംരക്ഷണം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.