റെയിൽവേ ലൈൻ ബോക്സുകൾക്ക് പകരം ട്രോളി ബാഗുകളെത്തുന്നു

എറണാകുളം സൗത്ത് സ്റ്റേഷനിൽ ലൈൻ ബോക്സുകൾ കൂട്ടിവച്ചിരിക്കുന്നു.

കൊച്ചി ∙ പ്ലാറ്റ്ഫോമുകളിൽ അടുക്കിവച്ചിരിക്കുന്ന ഇരുമ്പു പെട്ടികൾ വൈകാതെ ഓർമയാകും. ലോക്കോ പൈലറ്റുമാരുടെയും ഗാർഡുമാരുടെയും ലൈൻ ബോക്സുകൾക്കു പകരം ട്രോളി ബാഗുകൾ നൽകുന്ന പദ്ധതി എല്ലാ സോണുകളിലേക്കും വ്യാപിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ഉത്തര റെയിൽവേയിലും പശ്ചിമ മധ്യ റെയിൽവേയിലും നടപ്പാക്കിയ മാതൃകാ പദ്ധതി വിജയിച്ചതിനെത്തുടർന്നാണിത്. 

ലോക്കോ പൈലറ്റിനും ഗാർഡിനും അടിയന്തര സാഹചര്യങ്ങൾ നേരിടാനായി ടോർച്ച് ലൈറ്റ്, രണ്ടു സെറ്റ് കൊടികൾ, ഡിറ്റൊണേറ്റർ, വർക്കിങ് മാനുവൽ, ഫസ്റ്റ് എയ്ഡ് കിറ്റ്, താഴുകൾ തുടങ്ങിയവയാണു ലൈൻ ബോക്സ് എന്നറിയപ്പെടുന്ന പെട്ടിയിലുള്ളത്. പെട്ടി പോർട്ടർമാരാണ് എൻജിനിലും ഗാർഡ് റൂമിലും എത്തിക്കുന്നത്. പെട്ടിയെത്താൻ വൈകിയതുമൂലം ട്രെയിനുകൾ വൈകിയ സംഭവങ്ങളും ധാരാളം. പെട്ടികളിലെ സാധനങ്ങൾ ഗാർഡ് റൂമിലും എൻജിനിലും സ്ഥിരമായി സൂക്ഷിക്കുന്ന സംവിധാനം ഒരുക്കണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും അവയുടെ ഉത്തരവാദിത്തവും കൃത്യമായ ഇടവേളകളിലെ പരിശോധനകളും ആര് ഏറ്റെടുക്കുമെന്നതിലെ ആശയകുഴപ്പം മൂലം നടപ്പായില്ല. 

അതിനു ശേഷമാണു പെട്ടിക്കു പകരം ട്രോളി ബാഗ് പരീക്ഷിച്ചത്. ഭാരം കുറഞ്ഞ ബാഗുകളായതിനാൽ ജീവനക്കാർക്ക് ഇതു കൊണ്ടുനടക്കുക എളുപ്പമാണ്. ബ്രിട്ടിഷുകാരുടെ കാലംമുതലുള്ള പരിപാടിക്കാണ് ഇതോടെ റെയിൽവേ വിരാമമിടുന്നത്. ലൈൻ ബോക്സ് നീക്കത്തിനുള്ള കരാർ ഒഴിവാകുന്നതോടെ റെയിൽവേക്കു കോടികളുടെ ലാഭവുമുണ്ടാകും. പെട്ടികൾ ഇറക്കാനും കയറ്റാനും പോർട്ടർമാരെ നിയോഗിക്കേണ്ട ആവശ്യം വരില്ല. 

കഴിഞ്ഞ മാസത്തിൽ ഒരു ദിവസം ഗാർഡിന്റെ പെട്ടിയെത്താതിരുന്നതിനെത്തുടർന്നു തിരുവനന്തപുരം–ചെന്നൈ െമയിൽ അരമണിക്കൂറോളം എറണാകുളം നോർത്തിൽ നിർത്തിയിടേണ്ടി വന്നു. സൗത്തിൽ നിന്നു കാറിൽ പെട്ടിയെത്തിച്ച ശേഷമാണു യാത്ര തുടരാനായത്.