വിമുക്ത ഭടന്മാർക്ക് പെൻഷൻ 14 മുതൽ

ന്യൂഡൽഹി∙ ഓണം പ്രമാണിച്ചു കേരളത്തിലെ വിമുക്ത ഭടന്മാർക്ക് ഈ മാസത്തെ പെൻഷൻ നേരത്തേ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി. 14 മുതൽ പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്കിനു പ്രതിരോധ മന്ത്രാലയം നിർദേശം നൽകി. സംസ്ഥാനത്തെ 1.14 ലക്ഷം വിമുക്ത ഭടന്മാർക്ക് ഇതിന്റെ ഗുണം ലഭിക്കും. നാഷനൽ എക്സ് സർവീസ്മെൻ കോഓർഡിനേഷൻ കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

കൊച്ചി, ചാലക്കുടി, വൈക്കം, വടകര, ഒറ്റപ്പാലം എന്നിവിടങ്ങളിൽ വിമുക്ത ഭടന്മാർക്കായി പോളി ക്ലിനിക്കുകൾ ആരംഭിക്കും. മൊബൈൽ ചികിൽസാ കേന്ദ്രങ്ങളും സജ്ജമാക്കും. സേനാ കന്റീനുകളിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ അറിയിച്ചു.