ജലന്തർ ബിഷപ്പിനെതിരെയുള്ള കേസ്: കുറവിലങ്ങാട് എസ്ഐയെ സ്ഥലം മാറ്റി

കോട്ടയം ∙ ജലന്തർ ബിഷപ്പിനെതിരെയുള്ള കേസിൽ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനുമായി ചർച്ച നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ കുറവിലങ്ങാട് എസ്ഐയെ സ്ഥലം മാറ്റി. അവധിയിലുള്ള കുറവിലങ്ങാട് എസ്ഐ ഷിന്റോ പി. കുര്യനെ കോട്ടയം ഡിസിആർബിയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്ഐയായി ടി.ആർ.ദീപു ഇന്നലെ ചുമതലയേറ്റു. കേസിൽ എസ്ഐയുടെ ഇടപെടൽ സംബന്ധിച്ചു സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ഥലംമാറ്റം. ചികിത്സയ്ക്കും സഹോദരന്റെ മരണത്തെ തുടർന്നും ആണ് എസ്ഐ അവധിയിലായിരുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഫാ. ജയിംസ് ഏർത്തയിലിന്റെ ആശ്രമത്തിൽ എസ്ഐ പോയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഫാ. ഏർത്തയിലിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ എസ്ഐ കുര്യനാട്ടെ ആശ്രമത്തിൽ എത്തിയതും വിവാദമായിരുന്നു. ഫാ. ജയിംസ് ഏർത്തയിലിന്റെ മൊഴിയെടുക്കാൻ ചെന്ന വൈക്കം ഡിവൈഎസ്പി പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം കാണുകയും ചെയ്തു. എന്നാൽ സഹോദരന്റെ മരണാനന്തര പ്രാർഥനകൾ സംബന്ധിച്ച് സംസാരിക്കാനാണ് എസ്ഐ ആശ്രമത്തിലെത്തിയതെന്നാണ് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് താൽപര്യം എടുക്കാതിരുന്നത് എസ്ഐയ്ക്ക് സഭയുമായുള്ള അടുപ്പം മൂലമാണെന്നായിരുന്നു ആരോപണം. പിന്നീട് കേസ് റജിസ്റ്റർ ചെയ്തപ്പോഴേക്കും ഇദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തു.

ബിഷപ്പിനോട് ചോദിക്കാൻ പൊലീസിന്റെ 55 ചോദ്യങ്ങൾ

കോട്ടയം ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനോട് അന്വേഷണ സംഘം 55 ചോദ്യം ചോദിക്കും. വൈക്കം ഡ‍ിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ ജലന്തറിൽ എത്തും. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ. കൂടാതെ രൂപതയുടെ പ്രധാന തസ്തികകളിൽ ഇരിക്കുന്നവരുടെ മൊഴിയും ശേഖരിക്കും. കേസിൽ നിർണായകമായ രേഖകളും സൈബർ വിദഗ്ധന്റെ നേതൃത്വത്തിൽ ഹാർഡ് ഡിസ്കുകളും പരിശോധിക്കും. ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുക്കും. അന്വേഷണ സംഘം തയാറാക്കിയ പദ്ധതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അംഗീകാരം നൽകി.

തെളിവു ശേഖരണത്തിനുശേഷം പീഡനം തെളിഞ്ഞാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു പൊലീസ് നീങ്ങുമെന്നാണു സൂചന. അതിനിടെ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കേണ്ടെന്നു സർക്കാർ പൊലീസിനു നിർദേശം നൽകി. പകരം പരാതി സംബന്ധിച്ചു കന്യാസ്ത്രീ അയച്ച ഇമെയിൽ പകർപ്പ് വത്തിക്കാൻ സ്ഥാനപതിയുടെ സെക്രട്ടറി അന്വേഷണ സംഘത്തിനു കൈമാറി. ഇന്നലെ ഉജ്ജയിൻ ബിഷപ് ‍ഡോ. സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി അന്വേഷണ സംഘം ശേഖരിച്ചു. മാനസിക പീഡനം സംബന്ധിച്ചു കന്യാസ്ത്രീ പരാതി നൽകിയിരുന്നതായി ബിഷപ് പറഞ്ഞു. അധികാര പരിധിയിൽ പെടുന്ന വിഷയം അല്ലാത്തതിനാൽ യുക്തമായ സ്ഥലത്ത് പരാതി നൽകാൻ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം അന്വേഷണ സംഘത്തോടു പറഞ്ഞു.