Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നടപടിയില്ലാത്തത് ദുഃഖകരം, നാണക്കേട്: മാർപാപ്പ

Pope-Francis ഫ്രാൻസിസ് മാർപാപ്പ

ഡബ്ലിൻ∙ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ബന്ധപ്പെട്ട സഭാധികാരികൾ ശക്തമായ നടപടിയെടുക്കാത്തതു വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശക്തമായ നടപടികളില്ലാത്തതാണ് ഇതുപോലുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണം. ഇത്തരം വിവാദങ്ങൾ തനിക്കു കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും മാർപാപ്പ വ്യക്തമാക്കി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അയർലൻഡിലെത്തിയ മാർപാപ്പ, ഡബ്ലിൻ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.

പുരോഹിതരുടെ ലൈംഗിക പീഡനത്തിനു വിധേയരായ കുട്ടികളോടൊത്ത് മാർപാപ്പ ഒന്നര മണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതികൾ കേട്ടു. പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ചായിരുന്നു ഇത്. 39 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്രിസ്ത്യൻ രാജ്യമായ അയർലൻഡിൽ മാർപാപ്പയുടെ സന്ദർശനം. 1979ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇതിനു മുൻപ് അയർലൻഡ് സന്ദർശിച്ചത്. മൂന്നുവർഷത്തിലൊരിക്കൽ നടത്തുന്ന ആഗോള ക്രൈസ്തവ സമ്മേളനത്തിൽ പങ്കെടുക്കാൻ കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ ഡബ്ലിനിലെത്തിയത്.

കുട്ടികളുടെയും യുവജനങ്ങളുടെയും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തുനിന്നുള്ള അപകീർത്തികരവും ഉത്കണ്ഠപ്പെടുത്തുന്നതുമായ പ്രവർത്തികൾ അംഗീകരിക്കാനാവില്ല. എന്തുവിലകൊടുത്തും ആപത്കരമായ ഈ പ്രവണത സഭയിൽനിന്നും ഒഴിവാക്കുമെന്നും മാർപാപ്പ വ്യക്തമാക്കി. അയർലൻഡിൽ ലൈംഗികാതിക്രമങ്ങൾ നടത്തിയ പുരോഹിതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കർ മാർപാപ്പയോട് ആവശ്യപ്പെട്ടിരുന്നു.

അയർലൻഡിൽ അടുത്തകാലത്ത് പുരോഹിതർ ഉൾപ്പെട്ട ഒട്ടേറെ ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനു തന്നെയും നാണക്കേടായെന്നു പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യത്തിൽ വത്തിക്കാന്റെ കർശന നിലപാട് തുറന്നുപറഞ്ഞത്.