പകർച്ചവ്യാധി ഭീഷണി: മരുന്നുശേഖരം കൂട്ടി

കോട്ടയം ∙ മഴക്കെടുതി ബാധിച്ച മേഖലകളിൽ എലിപ്പനി പടരാനും പാമ്പുകടിയേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്തു സംസ്ഥാനം ഔഷധങ്ങളുടെ കരുതൽശേഖരം വർധിപ്പിച്ചു. എലിപ്പനിക്കുള്ള പ്രതിരോധഗുളികയും കുത്തിവയ്പു മരുന്നുകളും പാമ്പുവിഷത്തിനുള്ള ആന്റിവെനവുമാണു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികമായി ശേഖരിച്ചത്. മുൻവർഷങ്ങളിൽ സംസ്ഥാനം നേരിട്ട ആന്റിവെനം ക്ഷാമം കണക്കിലെടുത്താണു നടപടി.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം ജില്ലകൾക്കു 10,000 യൂണിറ്റുകൾ അധികമായി നൽകി. ഈ വർഷം ഇതുവരെ 28 പേർ എലിപ്പനി ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ക്ലോറിൻ ടാബ്‌ലറ്റുകൾ ഇന്ന് എത്തിക്കും. ആദ്യം വാങ്ങിയ 25 ലക്ഷം ടാബ്‌ലറ്റുകൾക്കു പുറമേയാണു 30 ലക്ഷം കൂടി അധികമായെത്തിക്കുന്നത്. 30,000 കിലോ ബ്ലീച്ചിങ് പൗഡറും സംസ്ഥാനത്ത് എത്തിച്ചിരുന്നു. മഴക്കാലത്തു പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഒരുകോടി രൂപയുടെ മരുന്നുകളാണു കെഎംഎസ്‌സിഎൽ അധികമായി വാങ്ങിയത്.