കൈകോർത്ത് കേരളം; കൂടുതൽ കേന്ദ്രസേനയെത്തും

ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ

തിരുവനന്തപുരം∙ കാലവർഷക്കെടുതിയെ ജാഗ്രതയോടെ, ഒറ്റക്കെട്ടായി നേരിട്ട് കേരളം. ദുരിതാശ്വാസമായി കർണാടകം 10 കോടിയും തമിഴ്നാട് അഞ്ചുകോടിയും രൂപ നൽകും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ എന്നിവർ അറിയിച്ചു. കേരളത്തിലെ സ്ഥിതിഗതികൾ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചു. കൂടുതൽ സൈന്യത്തിന്റെ സേവനം കേന്ദ്രസർക്കാർ ഉറപ്പുനൽകി.

അ‍ഞ്ചുവർഷം മുൻപുണ്ടായ പ്രളയത്തേക്കാൾ രൂക്ഷമാകും ഇത്തവണ പെരിയാറിന്റെ തീരത്തുണ്ടാവുകയെന്ന കണക്കുകൂട്ടലുകളോടെയാണു സർക്കാർ രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെക്കൂടി വിളിച്ചു. നിലവിൽ 10 സംഘങ്ങൾ കേരളത്തിലുണ്ട്.   

കരസേനയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ്, തീരദേശ സേനയുടെ ഡിസാസ്റ്റർ റെസ്‌പോൺസ് ടീം, ദേശീയ ദുരന്ത നിവാരണ സേന, നാവികസേന തുടങ്ങിയവ എറണാകുളം ജില്ലയിലെത്തി. 

കൊച്ചി അടച്ചിട്ടാൽ തിരുവനന്തപുരം

വെള്ളം കയറി കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചിടേണ്ടിവന്നാൽ തിരുവനന്തപുരത്തുനിന്ന് സർവീസുകൾ നടത്താനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. വ്യോമയാന സെക്രട്ടറിയുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി.

15 പാലങ്ങൾ അപകടത്തിൽ

കേരളത്തിൽ മഴക്കെടുതിമൂലം 15 പാലങ്ങൾ അപകടാവസ്ഥയിലാണെന്നു മന്ത്രി ജി. സുധാകരൻ. റോഡുകളുടെയും പാലങ്ങളുടെയും സുരക്ഷ പരിശോധിക്കാൻ അദ്ദേഹം മരാമത്ത് വകുപ്പ് എൻജിനീയർമാർക്കു നിർദേശം നൽകി. 500 കിലോമീറ്റർ റോഡ് തകർന്നു. ഇതുവരെ നഷ്ടം 4000 കോടി രൂപ.